കങ്കണയ്ക്ക് നേരെ ഭീഷണി, ശിവസേനയുടേത് സ്ത്രീകള്‍ക്കായുള്ള പോരാട്ടം, മാപ്പുപറയാതെ സഞ്ജയ് റാവത്ത്

Published : Sep 07, 2020, 08:04 PM ISTUpdated : Sep 07, 2020, 08:35 PM IST
കങ്കണയ്ക്ക് നേരെ ഭീഷണി, ശിവസേനയുടേത് സ്ത്രീകള്‍ക്കായുള്ള പോരാട്ടം, മാപ്പുപറയാതെ സഞ്ജയ് റാവത്ത്

Synopsis

''ചിലര്‍ പകയോടെ, ശിവസേന സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണം നടത്തുന്നവര്‍ നമ്മുടെ മുംബൈയെയും മുംബാ ദേവിയെയും അപമാനിക്കുകയാണ് ചെയ്തത്...''  

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനോട് മാപ്പുപറയില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. കങ്കണയെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ സ്ത്രീ വിരുദ്ധമാണ് സഞ്ജയ് റാവത്തിന്റെ മാനസ്സികാവസ്ഥയെന്ന കങ്കണ റണാവത്ത് വിമര്‍ശിച്ചിരുന്നു. 

'' ശിവസേന പിന്തുടരുന്നത് ഹിന്ദുത്വത്തിന്റെ പ്രതീകങ്ങളായ ഛത്രപതി ശിവജി മഹാരാജിന്റെയും മഹാറാണ പ്രതാപിന്റെയും ആശയങ്ങളാണ്. സ്ത്രീകളെ ബഹുമാനിക്കാനാണ് അവര്‍ ഞങ്ങളെ പഠിപ്പിച്ചത്. ചിലര്‍ പകയോടെ, ശിവസേന സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണം നടത്തുന്നവര്‍ നമ്മുടെ മുംബൈയെയും മുംബാ ദേവിയെയും അപമാനിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെ അഭിമാനത്തിനായുള്ള പോരാട്ടം ശിവസേന തുടരും, ഇതാണ് ശിവസേനയുടെ തലവന്‍ ഞങ്ങളെ പഠിപ്പിച്ചത്.'' - സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ കങ്കണയോട് മാപ്പുചോദിക്കാന്‍ റാവത്ത് തയ്യാറായില്ല. ജൂണ്‍ 14 ന് നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് ബാന്ദ്രയിലെ വസതിയില്‍വച്ച് മരിച്ചതുമുതല്‍ ആരംഭിച്ചതാണ് കങ്കണയും റാവത്തും തമ്മിലുള്ള വാക്ക്‌പോര്. 

മുംബൈയെപാക് അധിനിവേശ കശ്മീരിനോടുപമിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ കങ്കണയ്ക്ക് നേരെ ശിവസേന എംഎല്‍എ ഭീഷണിമുഴക്കിയതോടെ നടിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. സാംനയില്‍ ശിവസേന എംപി സഞ്ജയ് റാവത്ത് കങ്കണയെ വിമര്‍ശിച്ചെഴുതിയ ലേഖനത്തിനോട് പ്രതികരിക്കവെയാണ് കങ്കണ മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചത്.

ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കാണ് കങ്കണയ്‌ക്കെതിരെ ഭീഷണി മുഴക്കിയത്. ഇതിനെതിരെ ഹരിയാനയിലെ ബിജെപി മന്ത്രി അനില്‍ വിജ് ആണ് നടിക്ക് പൊലീസ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പ്രതാപ് സര്‍നായിക്കിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും ആവശ്യപ്പെട്ടിരുന്നു.

എഎന്‍ഐയുടെ വാര്‍ത്ത പ്രകാരം ഒരു അഭിമുഖത്തില്‍ കങ്കണ റണാവത്തിനെ ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്ക് ഭീഷണിപ്പെടുത്തുകയുണ്ടായി. മുംബൈ പൊലീസ് അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യണം. '' രേഖ ശര്‍മ്മ ട്വീറ്റ് ചെയ്തു.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണയ്ക്കുന്ന കങ്കണ, നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ കോണ്‍ഗ്രസ് എന്‍സിപി ശിവസേന സഖ്യം ഭരിക്കുന്ന മുംബൈ സര്‍ക്കാരിനെയും ബോളിവുഡിനെയും വിമര്‍ശിക്കുന്നത് പതിവാണ്.

വിമര്‍ശനം തുടര്‍ച്ചയായതോടെ കങ്കണയ്‌ക്കെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത് മുഖപത്രം സാമ്‌നയില്‍ ലേഖനമെഴുതി. ''അവരോട് മുംബൈയിലേക്ക് വരരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഇത് മുംബൈ പൊലീസിനെ അപമാനിക്കലല്ലാതെ മറ്റൊന്നുമല്ല. ആഭ്യന്തരമന്ത്രാലയം നിര്‍ബന്ധമായും കേസെടുക്കണം'' റാവത്ത് സാംമ്‌നയില്‍ കുറിച്ചു.

എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ കങ്കണ സഞ്ജയ് റാവത്ത്, മുംബൈയില്‍ പ്രവേശിക്കരുതെന്ന് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ആദ്യം മുംബൈ തെരുവുകളിലെ ചുമരുകളില്‍ ആസാദി മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടു, ഇപ്പോള്‍ ഭീഷണിയാണെന്നും ആരോപിച്ചു. ഇതിനുപുറമെ 'മുംബൈ എന്തുകൊണ്ടാണ് പാക്ക് അധിനിവേശ കശ്മീര്‍ പോലെ?' എന്നും ചോദിച്ചു.

കങ്കണയുടെ പരാമര്‍ശത്തിനെതിരെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ടാണ് പ്രതാപ് സര്‍നായിക്കും രംഗത്തെത്തിയത്. '' സഞ്ജയ് റാവത്ത് വളരെ സൗമ്യമായാണ് പറഞ്ഞത്. കങ്കണ ഇങ്ങോട്ട് വന്നാല്‍ ഞങ്ങളുടെ ബുദ്ധിയുള്ള സ്ത്രീകള്‍ അവരെ അടിക്കാതെ വിടില്ല. നിരവധി വ്യവസായികളെയും താരങ്ങളെയും സൃഷ്ടിച്ച മുംബൈയെ പാക് അധിനിവേശ കശ്മീരുമായി സാമ്യപ്പെടുത്തിയ കങ്കണയ്‌ക്കെതിരെ കേസെടുക്കണം'' പ്രതാപ് സര്‍നായിക്ക് പറഞ്ഞു.

ഇതിനെതിരെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തെത്തിയത്. ഇതിനുപിന്നാലെ സെപ്തംബര്‍ 9ന് താന്‍ മുംബാ വിമാനത്താവളത്തിലെത്തുമെന്നും തടയാന്‍ ധൈര്യമുണ്ടെങ്കില്‍ തടയണമെന്നും കങ്കണ വെല്ലുവിളിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു
ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ