'ദില്ലിക്ക് ഓക്സിജൻ കിട്ടാൻ കേന്ദ്രത്തിൽ ആരോടാണ് സാർ ഞാൻ സംസാരിക്കേണ്ടത്' - മോദിയോട് കെജ്‌രിവാൾ

By Web TeamFirst Published Apr 23, 2021, 1:22 PM IST
Highlights

സാർ, ഓക്സിജനുമായി വരുന്ന ലോറികൾ തടയപ്പെടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അങ്ങ് ഫോണിൽ വിളിച്ചു സംസാരിച്ചാൽ മാത്രം മതി. എല്ലാ ടാങ്കറുകളും കൃത്യമായി ദില്ലിയിലേക്ക് എത്തും. 

ദില്ലി: രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിനിടെ പൊട്ടിത്തെറിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ദില്ലിയിലേക്ക് ഓക്സിജൻ വിതരണം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിൽ ആരോടാണ് താൻ സംസാരിക്കേണ്ടതെന്ന് യോഗത്തിനിടെ കെജ്‌രിവാൾ ചോദിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടാണ് പ്രധാനമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. 

കെജ്‌രിവാളിൻ്റെ വാക്കുകൾ - 

പി.എം സാ‍ർ, ഞങ്ങൾക്ക് വ്യക്തമായ നിർദേശവും നേതൃത്വവും ആവശ്യമാണ്. ദില്ലിയിലെ ആശുപത്രികളിൽ വലിയ ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. ദില്ലിയിൽ ഒരു ഓക്സിജൻ പ്ലാൻ് ഇല്ലെങ്കിൽ ഇവിടുത്തെ ജനങ്ങൾക്ക് ഓക്സിജൻ കിട്ടില്ലാ എന്നാണോ ? ദില്ലിയിലേക്ക് പുറപ്പെട്ട ഓക്സിജൻ ടാങ്കർ മറ്റൊരു സംസ്ഥാനത്തേക്ക് വഴി തിരിച്ചു വിടുമ്പോൾ കേന്ദ്രസർക്കാരിലെ ആരെ വിളിച്ചാണ് ഞാൻ സംസാരിക്കേണ്ടത്. പി.എം 

സാർ, ഓക്സിജനുമായി വരുന്ന ലോറികൾ തടയപ്പെടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അങ്ങ് ഫോണിൽ വിളിച്ചു സംസാരിച്ചാൽ മാത്രം മതി. എല്ലാ ടാങ്കറുകളും കൃത്യമായി ദില്ലിയിലേക്ക് എത്തും. കൊവിഡിനെ നേരിടാൻ ഒരു ദേശീയ നയം ആവശ്യമാണ്. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമാണ് അല്ലെങ്കിൽ വലിയ ദുരന്തമാണ് ഉണ്ടാവുന്നത്. ഓക്സിജൻ പ്ലാന്റുകളുടെ നടത്തിപ്പ് ഈ ഘട്ടത്തിൽ സൈന്യത്തെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഒരു മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഞാൻ. രാത്രിയൊന്നും ഉറങ്ങാൻ പോലും പറ്റുന്നില്ല. ദയവായി എൻ്റെ അവസ്ഥ മനസിലാക്കി ദില്ലിയെ സഹായിക്കണം. 

അതേസമയം പ്രധാനമന്ത്രിയുടെ യോ​ഗം പരസ്യമാക്കിയതിൽ കെജ്രിവാളിനെ പ്രധാനമന്ത്രി വിമ‍ർശിച്ചു.  കൊവിഡ് യോഗത്തിലെ സംഭാഷണം പരസ്യമാക്കിയത് മര്യാ​ദക്കേടായെന്നും. ഔദ്യോ​ഗിക യോ​ഗം പരസ്യപ്പെടുത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും യോഗങ്ങളിൽ പാലിക്കേണ്ട മര്യാദ പാലിക്കണമെന്നും മോദി പറഞ്ഞു. ദില്ലി കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ഇന്നത്തെ ഉന്നതതലയോ​ഗം രാഷ്ട്രീയം കളിക്കാനുള്ള അവസരമാക്കി കെജ്രിവാൾ മറ്റിയെന്ന് കേന്ദ്രസ‍ർക്കാർ വൃത്തങ്ങൾ ആരോപിച്ചു. വാക്സിൻ വില സംബന്ധിച്ച് തെറ്റായ ആരോപണമാണ് കെജ്രിവാൾ ഉന്നയിച്ചത്. ഒരു ഡോസ് വാക്സിൻ പോലും കേന്ദ്രസ‍ർക്കാർ കൈവശം വയ്ക്കുന്നില്ല. എല്ലാ പൂർണമായും സംസ്ഥാനങ്ങൾക്ക് കൈമാറുകയാണ് ചെയ്തത്. ഇതാദ്യമായാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള സ്വകാര്യസംഭാഷണം ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്നത് - കേന്ദ്രസ‍ർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 
 

click me!