സ്കൂൾ ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ദുരൂഹത ആരോപിച്ച് കുടുംബം, മൃതദേഹം ഏറ്റുവാങ്ങില്ല

By Web TeamFirst Published Jul 25, 2022, 9:00 PM IST
Highlights

വിവരമറി‌ഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ കോമ്പൗണ്ടിന് മുന്നിൽ പ്രതിഷേധിച്ചു.  മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും സ്കൂൾ ക്യാംപസിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ. തിരുവള്ളൂരിന് സമീപം കീഴ്ചേരിയിൽ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. രാവിലെ സ്കൂളിൽ എത്തിയശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിവരമറി‌ഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ കോമ്പൗണ്ടിന് മുന്നിൽ പ്രതിഷേധിച്ചു.  മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം.

കുട്ടിയുടെ മൃതദേഹം തിരുവള്ളൂ‍ർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‍മോർട്ടം നാളെ നടക്കും. സ്കൂൾ കാമ്പസുകളിൽ അസ്വാഭാവിക മരണങ്ങൾ നടന്നാൽ സി ബി സി ഐ ഡി നേരിട്ട് അന്വേഷിക്കണം എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവനുസരിച്ച് സി ബി സി ഐ‍ഡി  കേസ് ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സി ബി സി ഐ ഡി ഡിഐജി സത്യപ്രിയ പറഞ്ഞു. 

അതേസമയം കള്ളക്കുറിച്ചിയിലെ അക്രമത്തിന്‍റെ അനുഭവത്തിൽ വൻ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ തടയാൻ വൻ പൊലീസ് സംഘത്തെ സ്കൂളിന് മുന്നിലും പരിസരപ്രദേശങ്ങളിലും വിന്ന്യസിച്ചിട്ടുണ്ടെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ ആൽബി ജോൺ പറഞ്ഞു. മരണകാരണം പൊലീസ് അന്വേഷണത്തിൽ വെളിവാകുമെന്നും ക്രമസമാധാനം ഉറപ്പുവരുത്താൻ നടപടികളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നു

അതേസമയം തമിഴ്നാട്ടിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നുവെന്നതാണ്. തൂത്തുക്കുടി സ്വദേശികളായ രേഷ്മയും മണികരാജുവുമാണ് മരിച്ചത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതി മുത്തുക്കുട്ടി വൈകിട്ട് പൊലീസ് പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി കോവിൽപട്ടിക്കടുത്താണ് സംഭവം. ഇവിടെ വീരപ്പട്ടി എന്ന ഗ്രാമത്തിലെ രേഷ്മ, മണികരാജ് എന്നീ ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടത്. ആർ.സി. സ്ട്രീറ്റ് സ്വദേശിയായ രേഷ്മ കോവിൽപ്പട്ടിയിലെ ഒരു കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. പ്രദേശത്തുതന്നെയുള്ള മണികരാജും രേഷ്മയും ഏതാനം ദിവസം മുമ്പാണ് വിവാഹിതരായത്. കൂലിപ്പണിക്കാരനായ വടിവേലിന്‍റെ മകൻ മണികരാജുമായുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ മുത്തുക്കുട്ടി ശക്തമായി എതിർത്തിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ വീടുവിട്ടിറങ്ങിയായിരുന്നു പ്രണയിതാക്കൾ വിവാഹം കഴിച്ചത്. രണ്ട് ദിവസം മുമ്പ് ഇരുവരും കോവിൽപ്പട്ടിയിൽ തിരികെയെത്തിയപ്പോൾ തന്നെ രേഷ്മയുടെ വീട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നാട്ടുപഞ്ചായത്ത് ഇടപെട്ട് പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും മുത്തുക്കുട്ടി വൈരാഗ്യം തീരാതെ ഇന്ന് വൈകിട്ട് വീട്ടിലെത്തി മകളെയും ഭർത്താവിനേയും വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു അരിവാളുമായെത്തി മുത്തുക്കുട്ടി ആക്രമിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ മുത്തുക്കുട്ടിയെ രാത്രി എട്ട് മണിയോടെ തൂത്തുക്കുടി എട്ടയപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

കിടക്കയിൽ മൂത്രമൊഴിച്ചു, ദത്തുപുത്രിയായ ഒമ്പതുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളിച്ച് യുവതി

click me!