'പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമാണ്, ഈ ഭയം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു': രാഹുൽ ​ഗാന്ധി

Published : Jul 29, 2024, 03:41 PM ISTUpdated : Jul 29, 2024, 04:14 PM IST
'പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമാണ്, ഈ ഭയം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു': രാഹുൽ ​ഗാന്ധി

Synopsis

രാജ്യത്തിന്റേത് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ അവസ്ഥയെന്നും ചൂണ്ടിക്കാട്ടി. ചക്രവ്യൂഹത്തിന്റെ മധ്യഭാ​ഗം നിയന്ത്രിക്കുന്നത് 6 പേരാണ്.

ദില്ലി: പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ലോക്സഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കവേ ആയിരുന്നു രാഹുൽ​ ​ഗാന്ധിയുടെ പരാമർശം. ഈ ഭയം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ​ഗാന്ധി രാജ്യത്തിന്റേത് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ അവസ്ഥയെന്നും ചൂണ്ടിക്കാട്ടി. ചക്രവ്യൂഹത്തിന്റെ മധ്യഭാ​ഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അദാനി, അംബാനി എന്നിവരാണെന്നും രാഹുൽ ​ഗാന്ധി.

തുടർന്ന് രാഹുലിൻ്റെ പ്രസം​ഗത്തിൽ സ്പീക്കർ ഇടപെട്ടു. സദസിൻ്റെ മാന്യത കാത്ത് സൂക്ഷിച്ച് സംസാരിക്കണമെന്ന് രാഹുൽ ​ഗാന്ധിക്ക് സ്പീക്കർ താക്കീത് നൽകി. ചക്രവ്യൂഹത്തെ ഉദാഹരിച്ച് ബജറ്റിനെ കുറിച്ച് സംസാരിക്കാമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സമ്പദ് ശക്തി, അന്വേഷണ ഏജൻസികൾ, രാഷ്ട്രീയ അധികാരം എന്നിവയാണ് ചക്രവ്യൂഹത്തെ നിയന്ത്രിച്ചിരുന്ന ശക്തികൾ. ചക്രവ്യൂഹത്തിൻ്റെ ശക്തിയെ പക്ഷേ ഗുരുതരമായ പല വിഷയങ്ങളും ബാധിച്ചിരിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണിവ. തൊഴിലില്ലായ്മ പരിഹരിക്കാൻ യുവാക്കൾക്കായി ബജറ്റിൽ എന്തുണ്ടെന്ന് ധനമന്ത്രിയോട് രാഹുൽ ചോദിച്ചു. 

വ്യക്തിപരമായി ആരേയും അധിക്ഷേപിക്കരുതെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ ചോദ്യത്തിന് സ്പീക്കർ നൽകിയ മറുപടി. കർഷകർക്ക് എന്ത് ഗ്യാരണ്ടി നൽകുന്നു എന്ന് ചോദിച്ച രാഹുൽ ​ഗാന്ധി നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന് അവസരം നൽകൂ എന്നും അഭിപ്രായപ്പെട്ടു. താങ്ങ് വില നിയമ വിധേയമാക്കണം. കൊവിഡ് കാലത്ത് പാത്രം കൊട്ടാനാണ് മധ്യവർഗത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പിന്നീട് മൊബൈൽ ഫോൺ തെളിക്കാൻ പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു ഈ നിർദേശങ്ങൾ എന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. 

സർക്കാരിൻ്റെ ചക്രവ്യൂഹം ഭേദിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പറഞ്ഞതിനെ തുടർന്ന് വീണ്ടും സ്പീക്കറുടെ ഇടപെടലുണ്ടായി. പ്രതിപക്ഷ നേതാവാണ് താങ്കളെന്ന് രാഹുലിനോട് സ്പീക്കർ പറഞ്ഞു. സഭയുടെ അന്തസ് അനുസരിച്ച് സംസാരിക്കേണ്ടത് അങ്ങയുടെ ഉത്തരവാദിത്തമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. എന്നാൽ അമിത് ഷാ സംസാരിക്കുമ്പോൾ ഇതുപോലെ ഇടപെടുമോയെന് സ്പീക്കറോട് കെ.സി വേണുഗോപാൽ ചോദിച്ചു. 

 പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നിയമം പാലിച്ച് സംസാരിക്കണമെന്ന് രാഹുലിനോട് കയർത്ത് ആവശ്യപ്പെട്ടു. തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. അദാനിയേയും അംബാനിയേയും എവൺ, എ ടു എന്നാണ് പരിഹാസരൂപേണ രാഹുൽ ​ഗാന്ധി വിശേഷിപ്പിച്ചത്. എ വണ്ണിനേയും എ ടു വിനെയും വിമർശിച്ചത് കിരൺ റിജു ജുവിന് പിടിച്ചില്ലെന്ന രാഹുലിന്റെ വാക്കുകൾക്ക് സഭക്ക് ചില കീഴ് വഴക്കങ്ങളുണ്ടെന്ന് കിരൺ റിജിജു ഓർമ്മിപ്പിച്ചു.

പ്രതിപക്ഷം തന്നെ പ്രതിപക്ഷ നേതാവിനെ തടസപ്പെടുത്തുന്നുവെന്നായിരുന്നു സ്പീക്കറുടെ മറ്റൊരു പരാമർശം. പിന്നാക്ക വിഭാഗങ്ങളെ സർക്കാർ ക്രൂരമായി അവഗണിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സർക്കാർ ജോലികളിൽ പോലും അവസര നൽകുന്നില്ല. സഭയിൽ ഫോട്ടോ ഉയർത്തിക്കാണിക്കാൻ രാഹുൽ ​​ഗാന്ധി ശ്രമിച്ചെങ്കിലും ഫോട്ടോ ഉയർത്തിക്കാട്ടരുതെന്നായിരുന്നു സ്പീക്കറുടെ വാക്കുകൾ. 

ധനമന്ത്രി ഹൽവ തയ്യാറാക്കുന്നതിന്റെ ഫോട്ടോയാണ് രാഹുൽ ​ഗാന്ധി സഭയിലുയർത്തിയത്. ആ ഫോട്ടോയിൽ പിന്നാക്ക വിഭാഗക്കാരായ ഒരു ഉദ്യോഗസ്ഥർ പോലുമില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ആരുമില്ലെന്നും ബജറ്റിൽ ജാതിയുണ്ടെന്നുമായിരുന്നു രാഹുൽ ​ഗാന്ധി പറഞ്ഞത്. പിന്നാക്ക വിഭാഗക്കാർ തങ്ങൾക്ക് എന്തുണ്ടെന്ന് ചോദിക്കുന്നു. വെറും തമാശയല്ല പറയുന്നതെന്നും, ഗുരുതരമായ വിഷയമാണെന്നും രാഹുൽ ​വ്യക്തമാക്കി. ചക്രവ്യൂഹത്തിൻ്റെ പാരമ്പര്യമല്ല ഭാരതത്തിൻ്റേത്. നിങ്ങൾക്ക് ഹിന്ദു ധർമ്മത്തെ കുറിച്ചറിയില്ല. നിങ്ങൾ ചക്രവ്യൂഹം ഉണ്ടാക്കുന്നവരാണ്. ആരേയും അപമാനിക്കാനല്ല സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിയന്ത്രണം മാറ്റണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ ചെറിയ മുറിയില്‍ നിന്ന് തുറന്നുവിടണം. 

 

 

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി