എപ്ലാസ്റ്റിക് അനീമിയ ബാധിച്ച കുട്ടിക്ക് 30 ലക്ഷം രൂപ ചികിത്സാ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Jun 23, 2019, 9:07 AM IST
Highlights

ചികിത്സയ്ക്ക് ആവശ്യമായ പണം അനുവദിക്കണമെന്നും ഇല്ലെങ്കില്‍ തന്നെ ദയാവധത്തിന് വിധേയമാക്കണമെന്നുമാണ് വികാരഭരിതമായ കത്തില്‍ പറയുന്നത്.

ആഗ്ര: എപ്ലാസ്റ്റിക് അനീമിയ ബാധിച്ച 16 വയസ്സുകാരിക്ക് 30 ലക്ഷം രൂപ ചികിത്സാ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗ്ര സ്വദേശിയായ പെണ്‍കുട്ടിയുടെ രോഗാവസ്ഥ വിവരിച്ച് കുട്ടിയുടെ പിതാവ് മോദിക്ക് അയച്ച കത്തിന് പ്രതികരണമായാണ് പ്രഖ്യാപനം. 

പുതിയ രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിവ് നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ് എപ്ലാസ്റ്റിക് അനീമിയ.  മാരകമായ ഈ രോഗം ബാധിച്ച കൗമാരക്കാരിക്ക് മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയാണ് ജീവന്‍ നിലനിര്‍ത്താനുള്ള മാര്‍ഗമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ 10 ലക്ഷം രൂപയിലേറെ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്താന്‍ പണമില്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ പണം അനുവദിക്കണമെന്നും ഇല്ലെങ്കില്‍ തന്നെ ദയാവധത്തിന് വിധേയമാക്കണമെന്നുമാണ് വികാരഭരിതമായ കത്തില്‍ പറയുന്നത്. മകളുടെ ചികിത്സക്കായി സ്വന്തമായുണ്ടായിരുന്ന ഭൂമി വിറ്റെന്നും 7 ലക്ഷം രൂപയോളം ചെലവഴിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിക്കുക. 

click me!