
വത്തിക്കാൻ സിറ്റി: ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ (Pope Francis) ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime minister Narendra modi). ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ ചർച്ചയായിയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കൊവിഡ് സാഹചര്യവും ചർച്ചയായി.
ജി 20 ഉച്ചക്കോടിക്കായി ഇന്നലെ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലേക്ക് മോദി എത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇന്ത്യൻ സമയം 12.15-ഓടെ തുടങ്ങിയ കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. പോപ്പും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അരമണിക്കൂർ നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇരുവരും ചർച്ച ചെയ്തു. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാർപാപ്പയോട് വിശദീകരിച്ചു. കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിർമാർജനവും ഇരുവരും ചർച്ച ചെയ്തുവെന്നും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam