
ദില്ലി: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി 10 വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ പദ്ധതിയെ ജനങ്ങൾ ഏറ്റെടുത്തെന്നും സമൂഹത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് സഹായിച്ച ജനങ്ങൾക്കും വിവിധ സന്നദ്ധ സംഘടനകൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി കുട്ടികളുടെ ലിംഗാനുപാതം കുറവുള്ള ജില്ലകളിൽ കാര്യമായ പുരോഗതി റിപ്പോർട്ട് ചെയ്തു. ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ ലിംഗസമത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ബോധം വളർത്തി. താഴെത്തട്ടിൽ സാമൂഹിക മാറ്റം വളർത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി വരും വർഷങ്ങളിലും ഈ പ്രസ്ഥാനത്തിന് തുടർച്ചയായ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുമായി കേന്ദ്രസർക്കാർ തുടക്കമിട്ട പദ്ധതിയാണ് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ'. 2015 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. പദ്ധതി യാഥാർത്ഥ്യമായതിന് ശേഷം ജനനസമയത്ത് ദേശീയ ലിംഗാനുപാതം 2014-15 ൽ 918 ആയിരുന്നത് 2023-24 ൽ 930 ആയി ഉയർന്നു. സെക്കൻഡറി വിദ്യാഭ്യാസ തലത്തിൽ പെൺകുട്ടികളുടെ മൊത്തം എൻറോൾമെൻ്റ് അനുപാതം 75.51% ൽ നിന്ന് 78% ആയി ഉയർന്നു. ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതി വഹിച്ച പങ്ക് വ്യക്തമാക്കുന്നു. മാതൃ-ശിശു ആരോഗ്യരംഗത്തും ഈ പദ്ധതി വലിയ പുരോഗതിയാണ് കൈവരിച്ചത്. ഇൻസ്റ്റിറ്റ്യൂഷണൽ ഡെലിവറികൾ 61% ൽ നിന്ന് 97.3% ആയി ഉയർന്നു. പ്രസവാനന്തര പരിചരണ രജിസ്ട്രേഷൻ 61%ൽ നിന്ന് 80.5% ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
READ MORE: വിവാഹ ആഘോഷത്തിനിടെ റീൽസ് ചിത്രീകരിക്കാൻ അപകട യാത്ര; വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam