
ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപം 37 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ് ഞായറാഴ്ച്ച ആക്രമിക്കപ്പെട്ടത്. രാത്രി 11.30 ഓടെ ഗോഡൗൺ സ്ട്രീറ്റിന് സമീപം ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയാണ് ബലാത്സംഗത്തിനിരയായത്.
ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് വീട് വിട്ടിറങ്ങിയതായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. യെലഹങ്കയിലേക്കുള്ള ബസിനെക്കുറിച്ച് ചോദിക്കുന്നതിനിടെ സഹായിക്കാമെന്നും വഴി കാണിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ സ്ത്രീയെ കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് യുവതിയെ ഗോഡൗൺ സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് ആക്രമിക്കുകയുമായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ യുവതിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും പണവും മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. നിലവിൽ ബലാത്സംഗത്തിനിരയായ യുവതിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊള്ളയടിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരുന്നു. എന്നാൽ ബി.ജെ.പിയുടെ ഭരണകാലത്ത് ഇത്തരം കുറ്റകൃത്യങ്ങൾ നടന്നിട്ടില്ലേ എന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആർ അശോകൻ രംഗത്തു വന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും പെൺകുട്ടികൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന അന്തരീക്ഷമിവിടെയില്ലെന്നും കസേരയിൽ മുറുകെപ്പിടിച്ച് ഇത്തരമൊരു മോശം ഭരണം നിങ്ങൾ എത്രനാൾ തുടരുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam