
മുംബൈ: കശ്മീർ വിഷയത്തിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ പാര്‍ട്ടികളെയാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി വെല്ലുവിളിച്ചത്. ധൈര്യമുണ്ടെങ്കിൽ ആർട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കൂ, എന്നാണ് മോദി വെല്ലുവിളിക്കുന്നത്.
ഈ മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇനി വരാനുള്ള തെരഞ്ഞെടുപ്പിലും നിങ്ങളുടെ പ്രകടന പത്രികയിൽ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനം ഉൾപ്പെടുത്താൻ വെല്ലുവിളിക്കുകയാണെന്ന് എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുന്നതിനിടെ മോദി പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീരും ലഡാക്കും രാജ്യത്തിന്റെ വെറും ഭൂമിയല്ലെന്നും മറിച്ച് ഇന്ത്യയുടെ കിരീടമാണെന്നും മോദി പറഞ്ഞു.
ആര്‍ട്ടിക്കിൾ 370 ആർട്ടിക്കിൾ 35 എ എന്നിവ റദ്ദ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി പ്രഖ്യാപനം നടത്താൻ ഞാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്ന് മോദി പറഞ്ഞു. കശ്മീർ വിഷയത്തിൽ അയൽ രാജ്യക്കാരുടെ അതേഭാഷയാണ് ചില രാഷ്ട്രീയ പാർട്ടി നേതാക്കൾ സംസാരിക്കുന്നതെന്ന് വിമർശിച്ച മോദി ഇക്കാര്യത്തിൽ അവർക്കിടയിൽ നല്ല ഏകോപനമുണ്ടെന്നും കുറ്റപ്പെടുത്തി. ഓഗസ്റ്റിലാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനാ അനുച്ഛേദം 370 സർക്കാർ എടുത്തുകളഞ്ഞത്. തുടർന്ന് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു.
Read More: കശ്മീരിന് പ്രത്യേക പദവി എങ്ങനെ വന്നു? ആര്‍ട്ടിക്കിള്‍ 370, 35 എ; അറിയേണ്ടതെല്ലാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam