
ദില്ലി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ കരതൊടുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി അവലോകനയോഗം ചേർന്നു. ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും രക്ഷാ പ്രവർത്തനത്തിന് വേണ്ട സജ്ജീകരണങ്ങളുമടക്കം പ്രധാനമന്ത്രി വിലയിരുത്തി. നിലവിൽ പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയിലൂടെ സഞ്ചരിക്കുന്ന റേമൽ മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലാകും കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളിൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അർദ്ധരാത്രി 12 മണിയോടെ റേമൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയിലാകും റേമൽ കരതൊടുക. നിലവിൽ പശ്ചിമ ബംഗാൾ തീരത്ത് നിന്നും 240 കിലോമീറ്റർ അകലെയാണ് റേമൽ. പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും വടക്കൻ ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ നിന്ന് 10000 ത്തോള്ളം ഗ്രാമീണരെ മാറ്റി പാർപ്പിച്ചു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാളെയും മറ്റന്നാളും കനത്ത മഴ ഉണ്ടാകും. ചുഴലിക്കാറ്റിനെ തുടർന്ന് വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. കൊൽക്കത്ത വിമാനത്താവളം ഇന്ന് ഉച്ച മുതൽ ഇരുപത്തിയൊന്ന് മണിക്കൂർ നേരത്തേക്ക് അടച്ചിട്ടു, 394 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. 63000 ത്തോള്ളം യാത്രക്കാരെ ഇത് ബാധിക്കും. ചില ട്രെയിനുകൾ റദ്ദാക്കിയതായി കിഴക്കൻ റെയിൽവേ അറിയിച്ചു. സാഹചര്യം നേരിടാൻ ത്രിപുരയിലും, ബംഗാളിലും,ഒഡീഷയിലും ദേശീയ ദുരന്തനിവാരണ സേനയടക്കം സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam