Asianet News MalayalamAsianet News Malayalam

'ഈ സ്ത്രീകൾ ചരിത്രം രചിക്കുന്നു', കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തെ വാഴ്ത്തി മോദിയും രാഹുലും പിണറായിയുമടക്കമുള്ളവർ

'പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്'

PM Modi Rahul Gandhi CM Pinarayi congratulates all we imagine as a light team after cannes award
Author
First Published May 26, 2024, 7:58 PM IST

ദില്ലി: കാൻ ഫിലിം ഫെസ്റ്റിവലിൽ ​ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യക്ക് അഭിമാനമായ 'ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്' ചിത്രത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കമുള്ളവർ രംഗത്ത്. സംവിധായിക പായൽ കപാഡിയയെയും അഭിനേതാക്കളെയും  അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നാണ് മോദിയും പിണറായിയും രാഹുലും പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

കാനിൽ ഇന്ത്യക്കും മലയാളത്തിനും അഭിമാനം; 'ഓൾ വി ഇമാജിൻ അസ് ലൈറ്റി'ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

ചരിത്ര നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. എഫ്‌ ടി ഐ ഐയുടെ പൂർവ വിദ്യാർത്ഥിയായ പായൽ ആഗോള വേദിയിൽ തിളങ്ങുന്നത് തുടരുകയാണെന്നും ഇനിയും അത് തുടരട്ടെയെന്നും മോദി കുറിച്ചു. പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്നും മോദി വിവരിച്ചു.

‘ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്’ ടീമിനെയും ‘ദ ഷെയിംലെസ്സ്’ചിത്രത്തിലൂടെ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അനസൂയ സെൻഗുപ്തയെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. ഈ സ്ത്രീകൾ ചരിത്രം രചിക്കുകയാണെന്നും ഇന്ത്യൻ ചലച്ചിത്ര മേഖലയെ മുഴുവൻ പ്രചോദിപ്പിക്കുകയാണെന്നും രാഹുൽ ​കുറിച്ചു.

കാൻസ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കി ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്നാണ് പിണറായി കുറിച്ചത്. ഈ നേട്ടത്തോടെ സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായൽ കപാഡിയ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണെന്നത് മലയാളികൾക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഇനിയും നല്ല സിനിമകൾ സൃഷ്ടിക്കാൻ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios