
ഇംഫാല്‍: മണിപ്പൂരിലെ എല്ലാ സംഘടനകളും സമാധാനത്തിന്‍റെ പാതയിലേക്ക് മടങ്ങണമെന്ന ആഹ്വാനം നല്കിയും ഒപ്പമുണ്ടെന്ന ഉറപ്പു നല്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളുടെ ഭാവിയോർത്ത് എല്ലാവരും അക്രമം വെടിയണമെന്നാവശ്യപ്പെട്ട മോദി പലായനം ചെയ്തവരെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കലാപത്തിന്‍റെ ഇരകളുമായി മോദി സംസാരിച്ചു. ചുരാചന്ദ്പൂരിലും ഇംഫാലിലും നടന്ന റാലികളിൽ പങ്കെടുത്ത മോദി നാലര മണിക്കൂറാണ് സംസ്ഥാനത്ത് ചെലവഴിച്ചത്.
കലാപം തുടങ്ങി 27 മാസങ്ങൾക്കു ശേഷം മണിപ്പൂരിന്‍റെ മണ്ണിലിറങ്ങിയ നരേന്ദ്ര മോദി കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂരിലാണ് ആദ്യം യോഗത്തിനെത്തിയത്. 7300 കോടിയുടെ പദ്ധതികൾ മോദി ഉത്ഘാടനം ചെയ്തു. പിന്നീട് മെയ്തെയ് വിഭാഗത്തിന് മേൽക്കൈയുള്ള ഇംഫാലിലെ റാലിയിലും മോദി പങ്കെടുത്തു. പുതിയ സിവിൽ സെക്രട്ടറിയേറ്റ്, പോലീസ് ആസ്ഥാനം എന്നിവയ്ക്കും വനിത ഹോസ്റ്റലുകൾക്കും വനിതകൾക്കുള്ള പ്രത്യേക മാർക്കറ്റ് എന്നിവയ്ക്ക് മോദി തറക്കല്ലിട്ടു. സമുദായങ്ങൾക്കിടയിലെ മുറിവുണക്കാൻ കേന്ദ്ര സർക്കാർ കൂടെയുണ്ട് എന്ന ഉറപ്പാണ് മോദി രണ്ടിടത്തും നല്കിയത്. സാഹസികതയുടെ മണ്ണായ മണിപ്പൂർ അക്രമത്തിന്‍റെ പിടിയിലാകുന്നത് വികസനത്തെ ബാധിക്കും. എല്ലാ വിഭാഗങ്ങളുമായും ചർച്ച തുടങ്ങാനായത് പ്രതീക്ഷയോടെ കേന്ദ്രം കാണുന്നു. യുവാക്കളുടെ ആശങ്ക പരിഹരിക്കും. വീടു നഷ്ടപ്പെട്ടവർക്ക് മടങ്ങാൻ 7000 വീടുകൾ നിർമ്മിച്ചു നല്കും. പലായനം ചെയ്യേണ്ടി വന്ന ശേഷം ക്യാംപുകളിൽ കഴിയുന്നവരുടെ ക്ഷേമത്തിന് 500 കോടിയുടെ പാക്കേജ് നടപ്പാക്കും.
ഞാൻ എല്ലാ സംഘടനകളോടും സമാധാനത്തിന്‍റെ പാതയിലേക്ക് വരാനുള്ള അഭ്യർത്ഥന വയ്ക്കുകയാണ്, ഇതുവഴി നമ്മുടെ കുട്ടികളുടെ നല്ല ഭാവി ഉറപ്പാക്കണം, ഞാൻ ഒപ്പമുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പ് നല്കുന്നു എന്നായിരുന്ന മോദിയുടെ വാക്കുകള്‍.
കലാപത്തിന് ശേഷം താല്ക്കാലിക ക്യാംപുകളിൽ താമസിക്കുന്ന ചില കുട്ടികൾ പൊട്ടി കരഞ്ഞു കൊണ്ടാണ് മോദിയോട് അനുഭവം വിവരിച്ചത്. താഴ്വരയ്ക്കും കുന്നുകൾക്കും ഇടയിലെ അകൽച്ച കുറയ്ക്കണം എന്നാണ് മോദി ഇംഫാലിൽ നടന്ന റാലിയിൽ നിർദ്ദേശിച്ചത് നേപ്പാളിലെ ജനങ്ങളോട് സംസാരിക്കാനും താൻ മണിപ്പൂരിലെ വേദി ഉപയോഗിക്കുകയാണെന്ന് മോദി പറഞ്ഞത് ശ്രദ്ധേയമായി. മഴകാരണം ചുരാചന്ദ്പൂരിൽ നിശ്ചയിച്ച റോഡ് ഷോ മോദി ഒഴിവാക്കി. ഹെലികോപ്റ്റർ യാത്ര ഒഴിവാക്കി ഇംഫാലിൽ നിന്ന് റോഡ് മാർഗ്ഗമാണ് മോദി ചുരാചന്ദ്പൂരിലേക്ക് പോയത്. വഴിയരികിൽ ദേശീയ പതാകയുമായി കുട്ടികൾ മോദിയെ ഇംഫാലിലും ചുരാചന്ദ്പൂരിലും സ്വീകരിച്ചു.