അസമിൽ ഏക സിവിൽ കോഡ് ഉറപ്പെന്ന് മോദിയുടെ ഗ്യാരണ്ടി; തേയില തോട്ടത്തിലുമെത്തി പ്രധാനമന്ത്രി, 'ചായ, അസമിൻ്റെ ആത്മാവ്'

Published : Apr 01, 2026, 10:59 PM IST
Modi

Synopsis

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോഗാമുഖിലെ റാലിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 

ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിനായി അസമിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അതേസമയം, സംസ്ഥാനത്തെ ഗോത്ര പാരമ്പര്യങ്ങളും, ആറാം ഷെഡ്യൂളിൽ വരുന്ന പ്രദേശങ്ങളും, അസമിന്റെ തനത് സ്വത്വവും സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. 

ഏക സിവിൽ കോഡും ഗോത്ര സംരക്ഷണവും

സ്ത്രീകളുടെ അന്തസ്സും സുരക്ഷയും തുല്യ അവകാശങ്ങളും ഉറപ്പാക്കാൻ പല സുപ്രധാന തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്ന് ഗോഗാമുഖിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ‘നമ്മുടെ പെൺമക്കൾ വഞ്ചിക്കപ്പെടാതിരിക്കാൻ, അവരുടെ അന്തസ്സും ബഹുമാനവും സുരക്ഷയും ഉറപ്പാക്കാൻ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. അസമിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതും നമ്മുടെ ഗോത്ര സമൂഹത്തിന്റെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതും വലിയ പ്രഖ്യാപനങ്ങളാണ്. ബിജെപി പറയുന്നത് ചെയ്യും’. അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ വിമ‍‍ര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കോൺഗ്രസ് വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ സാധ്യതയുള്ള നിയമനിർമ്മാണം കോൺഗ്രസ് മുൻപ് കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പുള്ള കാലഘട്ടത്തെക്കുറിച്ച് സംസാരിച്ച മോദി, ഒരു പ്രത്യേക വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ കോൺഗ്രസ് സർക്കാർ 'കമ്മ്യൂണൽ വയലൻസ് ബിൽ' കൊണ്ടുവരാൻ ശ്രമിച്ചുവെന്നാണ് ആരോപിച്ചത്. അന്ന് ബിജെപി ഈ നീക്കത്തെ ശക്തമായി എതിർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ബില്ലിൽ, അക്രമമുണ്ടായാൽ ഭൂരിപക്ഷ സമുദായത്തെ കുറ്റവാളികളായും ന്യൂനപക്ഷങ്ങളെ ഇരകളായും കണക്കാക്കുമായിരുന്നു. ഇതൊരു വിഭജന ബില്ലായിരുന്നു. ബിജെപി ഇതിനെതിരെ പോരാടി. ഈ ബിൽ പാസായിരുന്നെങ്കിൽ സമൂഹം നേരിടേണ്ടി വരുന്ന പീഡനങ്ങൾ ഒന്നാലോചിച്ചു നോക്കൂ. ഇപ്പോൾ, 12 വർഷത്തിന് ശേഷം, സമാനമായ ഒരു ബിൽ അസമിൽ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ് നേതാക്കൾ ഇത് പരസ്യമായി പറയുന്നുണ്ട്’. പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമാനമായ ശ്രമങ്ങൾ ഇപ്പോൾ അസമിലും നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 

വികസനം എണ്ണിപ്പറഞ്ഞ് മോദി

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അസം വികസനത്തിന്റെ കാര്യത്തിൽ ഒരുപാട് ദൂരം സഞ്ചരിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവാക്കൾ ബിജെപിയുടെ 'സദ് ഭരണം' മാത്രമേ കണ്ടിട്ടുള്ളൂ, കോൺഗ്രസിന്റെ 'ഇരുണ്ട കാലം' കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ അസം വികസന കാര്യത്തിൽ ഒരു നീണ്ട യാത്ര നടത്തി. 20-25 വയസ്സുള്ള ഈ ചെറുപ്പക്കാർ ബിജെപി-എൻഡിഎയുടെ നല്ല ഭരണം മാത്രമേ കണ്ടിട്ടുള്ളൂ. ബോംബും തോക്കും കലാപവും കർഫ്യൂവും മാത്രം വാർത്തയായിരുന്ന കോൺഗ്രസിന്റെ ഇരുണ്ട കാലം അവർ കണ്ടിട്ടില്ല. ഇരട്ട എഞ്ചിൻ സർക്കാർ അസമിന് സമാധാനത്തിന്റെ പുതിയ പാത കാണിച്ചുകൊടുത്തു. ആയിരക്കണക്കിന് യുവാക്കൾ തോക്ക് താഴെ വെച്ച് പുതിയൊരു ഭാവിയിലേക്ക് വന്നു'. പ്രധാനമന്ത്രി പറഞ്ഞു.

ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പാലങ്ങളുടെ കാര്യത്തിലും മോദി കോൺഗ്രസിനെ വിമർശിച്ചു. 60-65 വർഷം കൊണ്ട് കോൺഗ്രസ് വെറും 3 പാലങ്ങൾ നിർമ്മിച്ചപ്പോൾ, ബിജെപി സർക്കാർ 10-11 വർഷം കൊണ്ട് 5 പുതിയ പാലങ്ങൾ നിർമ്മിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 'പ്രകൃതി അസമിന് ഒരുപാട് അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അധികാരത്തിനുവേണ്ടി കോൺഗ്രസ് അസം സമൂഹത്തെ വിഭജിച്ചു, ബ്രഹ്മപുത്രയുടെ ഇരുകരകളെയും ബന്ധിപ്പിക്കാൻ ഒരിക്കലും അനുവദിച്ചില്ല. പാലങ്ങളില്ലാത്തതു കൊണ്ട് നമുക്ക് ഒരുപാട് പേരെ നഷ്ടമായി. ഇരട്ട എഞ്ചിൻ സർക്കാർ ഈ പ്രശ്നം മനസ്സിലാക്കി 10-11 വർഷത്തിനുള്ളിൽ 5 വലിയ പാലങ്ങൾ പൂർത്തിയാക്കി. മോദി പറഞ്ഞു.

തേയില തോട്ടത്തിലെത്തി പ്രധാനമന്ത്രി

ദിബ്രുഗഡിലെ ഒരു തേയിലത്തോട്ടം സന്ദർശിച്ച പ്രധാനമന്ത്രി അവിടുത്തെ തൊഴിലാളികളുമായി സംസാരിച്ചു. അവർക്കൊപ്പം ചേർന്ന് തേയില നുള്ളുകയും ചെയ്ത ശേഷം തൊഴിലാളികളുടെ കഠിനാധ്വാനത്തെ പുകഴ്ത്തിയ മോദി, ചായയാണ് 'അസമിൻ്റെ ആത്മാവ്' എന്നും പറഞ്ഞു. ‘ഓരോ തേയിലത്തോട്ട തൊഴിലാളി കുടുംബത്തിൻ്റെയും പ്രയത്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. അവരുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും അസമിൻ്റെ യശസ്സ് വർധിപ്പിച്ചു. ചായയാണ് ആസാമിൻ്റെ ആത്മാവ്! ഇവിടുത്തെ ചായ ലോകമെമ്പാടും എത്തിയിരിക്കുന്നു. ഇന്ന് രാവിലെ ദിബ്രുഗഡിൽ ഞാൻ ഒരു തേയിലത്തോട്ടത്തിൽ പോയി, അവിടുത്തെ സ്ത്രീ തൊഴിലാളികളുമായി സംസാരിച്ചു. വളരെ ഓർമയിൽ തങ്ങുന്ന ഒരനുഭവമായിരുന്നു അത്, തേയില നുള്ളിയതിന് ശേഷം സ്ത്രീകൾ അവരുടെ സംസ്കാരത്തെക്കുറിച്ച് സംസാരിച്ചു, ഒപ്പം ഒരു സെൽഫിയുമെടുത്തു!’ എന്നും മോദി എക്സിൽ കുറിച്ചു. 

അസം പോളിംഗ് ബൂത്തിലേയ്ക്ക്

അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ. നിലവിലെ ഭരണകക്ഷിയായ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കോൺഗ്രസും തമ്മിലാണ് 126 സീറ്റുകളുള്ള അസംബ്ലിയിൽ പ്രധാന മത്സരം. അസോം ഗണ പരിഷത്ത് (എജിപി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവർക്കൊപ്പമാണ് ബിജെപി മത്സരിക്കുന്നത്. തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താനാണ് എൻഡിഎ ശ്രമിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിടിവീണത് 5 ഡോക്ടർമാർക്ക്, ടെലഗ്രാമടക്കമുള്ള ആപ്പുകൾ മറയാക്കിയുള്ള അന്തർ സംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ വലയിലാക്കി പൊലീസ്
ഏഴ് വർഷങ്ങൾക്ക് ശേഷം ഇറാനുമായി ഇന്ത്യയുടെ 'ഡീൽ'? 600000 ബാരൽ ക്രൂഡുമായി ​ഗുജറാത്ത് തീരത്തേക്ക് പിം​ഗ് ഷുൻ എത്തുന്നു