
ദില്ലി: യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി (Ukraine Rescue Operation) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM MODI) നേതൃത്വത്തിൽ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്കു. രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നു എന്ന കാര്യമടക്കം വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്തു. കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായി.
അതേസമയം യുക്രൈനിൽ കുടങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗ (Operation Ganga) ഇന്നും തുടരും. മലയാളികളടക്കമുള്ള കൂടുതൽ പേർ ഇതുവഴി ഇന്ന് നാട്ടിലെത്തും. ഇന്നലെ രാത്രി വരെ നാല് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 908 ഇന്ത്യക്കാർ തിരികെ എത്തിയെന്നാണ് കണക്ക്.
എത്തിയവരിൽ 82 മലയാളി വിദ്യാർഥികൾ
യുദ്ധം ആരംഭിച്ച ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് 25 പേരെത്തി. ഉച്ചയോടെ ദില്ലിയിലെത്തിയ വിദ്യാർഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തലസ്ഥാനത്തെത്തിയത്. ദില്ലിയിൽ നിന്നും ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് ഉൾപ്പെട്ടിരുന്നത്. തലസ്ഥാനത്ത് വിമാനമിറങ്ങിയവരിൽ രണ്ടു പേർ ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലക്കാരാണ്.
നെടുമ്പാശ്ശേരിയിൽ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, നോർക്ക ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരും വിദ്യാർഥികളെ സ്വീകരിച്ചു. തിരികെയെത്തുന്ന വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഉൾപ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രൈനിൽ നിന്ന് എല്ലാ വിദ്യാർഥികളെയും നാട്ടിലെത്തിക്കാൻ വേണ്ട ആശയവിനിമയം കേന്ദ്രസർക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സുരക്ഷിതമായി തങ്ങളെ നാട്ടിലെത്തിച്ചുവെന്നും കുറേ വിദ്യാർഥികൾ ഇനിയും പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങിക്കിടക്കുകയാണന്നും വിദ്യാർഥികൾ പറഞ്ഞു. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് യുക്രൈനിൽ നിന്നും തങ്ങൾ വിമാനം കയറിയത്. ആദ്യ സംഘത്തിലുള്ള ആളുകളായതിനാൽ സുരക്ഷിതമായി എത്തി. തിരിച്ചെത്തിയതിൽ ആശ്വാസമുണ്ടെന്നും എന്നാൽ എല്ലാവരും നാട്ടിലെത്തിയെന്നറിഞ്ഞാൽ മാത്രമേ സന്തോഷിക്കാനാകൂവെന്നും വിദ്യാർഥികൾ പറഞ്ഞു. രക്ഷിതാക്കളും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് വിദ്യാർഥികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എത്തിയിരുന്നത്. ഇന്നലെ രാത്രി മുംബൈയിൽ എത്തിയ വിദ്യാർഥികളെ നോർക്കയുടെ മേൽ നോട്ടത്തിലായിരുന്നു നാട്ടിലെത്തിച്ചത്. ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തിയ വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam