ഇനിയുള്ളത് കഷ്ടിച്ച് രണ്ട് വര്‍ഷം മാത്രം; ലക്ഷ്യം തെറ്റി മോദിയുടെ സ്വപ്‌നപദ്ധതി

By Web TeamFirst Published May 24, 2019, 6:08 PM IST
Highlights

2017ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇതുവരെ തൊഴില്‍ പരിശീലനം ലഭിച്ചത്‌ ഒരുകോടി ആളുകള്‍ക്ക്‌ മാത്രമാണ്‌. 10 കോടി ആളുകള്‍ക്ക്‌ തൊഴില്‍ പരിശീലനം നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്‌ദാനം.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്‌ത നൈപുണ്യ പരിശീലന പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം മാത്രം ശേഷിക്കെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ അവശേഷിക്കുന്നതായി റിപ്പോര്‍ട്ട്‌. 2017ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇതുവരെ തൊഴില്‍ പരിശീലനം ലഭിച്ചത്‌ ഒരുകോടി ആളുകള്‍ക്ക്‌ മാത്രമാണ്‌. 10 കോടി ആളുകള്‍ക്ക്‌ തൊഴില്‍ പരിശീലനം നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്‌ദാനം.

ലോകത്തിലെ നൈപുണ്യ കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്ന എന്ന ലക്ഷ്യത്തോടെ 2015ലാണ്‌ പ്രധാനമന്ത്രി സ്‌കില്‍ ഇന്ത്യ മിഷന്‍ എന്ന പേരില്‍ നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചത്‌. പദ്ധതിക്ക്‌ കീഴിലുള്ള പ്രധാനമന്ത്രി രോസ്‌ഗര്‍ പ്രോത്സാഹന്‍ യോജന, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, നാഷണല്‍ അപ്രന്റൈസ്‌ഷിപ്‌ പ്രൊമോഷന്‍ സ്‌കീം തുടങ്ങിയവയിലൂടെ 2020 ആകുമ്പോഴേക്ക്‌ 10 കോടി ആളുകള്‍ക്ക്‌ പരിശീലനം നല്‍കാമെന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുപ്രകാരം ലക്ഷ്യമിട്ടതിന്റെ 36 ശതമാനം യുവാക്കള്‍ക്ക്‌ മാത്രമാണ്‌ പ്രധാന്‍മന്ത്രി കൗശല്‍ വികാസ്‌ യോജന പദ്ധതിയില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്‌. അവരില്‍ തന്നെ 34 ശതമാനത്തിനാണ്‌ പരിശീലനം ലഭിച്ചത്‌. 30 ശതമാനം പേര്‍ മാത്രമാണ്‌ ട്രെയിനികളായി ജോലിയില്‍ പ്രവേശിച്ചത്‌. ഇവരില്‍ 26 ശതമാനത്തിന്‌ മാത്രമാണ്‌ നെപുണ്യ പരിശീലന സര്‍ട്ടിഫിക്കേറ്റ്‌ ലഭിച്ചിട്ടുള്ളത്‌.

തുടക്കം മുതല്‍ തന്നെ നിരവധി ആരോപണങ്ങള്‍ നേരിട്ട പദ്ധതിയാണ്‌ സ്‌കില്‍ ഇന്ത്യ മിഷന്‍. കുറഞ്ഞ അളവിലുള്ള ജോലി ലഭ്യത, നിലവാരം കുറഞ്ഞ പരിശീലനം, ഏറിയും കുറഞ്ഞുമുള്ള പരിശീലന കാലയളവ്‌ തുടങ്ങിയവയെല്ലാം വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായി. പ്രതീക്ഷിച്ച ഗുണം ലഭിക്കാത്ത സാഹചര്യത്തില്‍ പദ്ധതി പുതുക്കി അവതരിപ്പിക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നു. സ്വകാര്യ കമ്പനികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‌കി പദ്ധതി മെച്ചപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍, അതൊന്നും ഫലം കണ്ടില്ലെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

click me!