പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി; യുവതി ആത്മഹത്യ ചെയ്തു

By Web TeamFirst Published Oct 16, 2019, 4:26 PM IST
Highlights

വൻ സാമ്പത്തിക തട്ടിപ്പ്‌ നടന്നതിനെ തുടർന്ന്‌ ഇടപാടുകൾ മുടങ്ങിയ പിഎംസി ബാങ്കിലെ നിക്ഷേപകനായ രണ്ടുപേർ ചൊവ്വാഴ്ച ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. 

മുംബൈ: പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് (പിഎംസി) തട്ടിപ്പ് കേസിനെ തുടർന്ന് പ്രതിസന്ധിലായ നിക്ഷേപകരിലൊരാൾ ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിനിയായ നിവേദിത ബിജില (39) എന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. ഇവർക്ക് ഒരു കോടിയിലധികം രൂപ പിഎംസിയിൽ നിക്ഷേപമുണ്ടായിരുന്നു. പണം പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു നിവേദിതയെന്ന് ബന്ധുക്കൾ പറഞ്ഞു.

എന്നാൽ, ആത്മഹത്യയ്ക്ക് ബാങ്ക് പ്രതിസന്ധിയുമായി ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം. വൻ സാമ്പത്തിക തട്ടിപ്പ്‌ നടന്നതിനെ തുടർന്ന്‌ ഇടപാടുകൾ മുടങ്ങിയ പിഎംസി ബാങ്കിലെ നിക്ഷേപകനായ രണ്ടുപേർ ചൊവ്വാഴ്ച ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. സജ്ഞയ് ​ഗുലാട്ടി (51), മുലുന്ദിലെ ഫട്ടോമാൽ പുഞ്ചാബി (61) എന്നിവരാണ്‌ ഹൃദയസ്‌തംഭനത്തെ തുടർന്ന് മരിച്ചത്‌. സജ്ഞയ് ​ഗുലാട്ടിക്ക് 90 ലക്ഷം രൂപയിലധികം ബാങ്കിൽ നിക്ഷേപമുണ്ടായിരുന്നു.

ജെറ്റ് എയർവേഴ്സ് ജീവനക്കാരനായിരകുന്ന സജ്ഞയ് ​ഗുലാട്ടിക്ക് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തൊഴിൽ നഷ്ടമായത്. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സയ്ക്ക് മാസം 25000 രൂപയോളം ആവശ്യമാണ്. മകന്റെ ട്യൂഷൻ ഫീസ് പോലും അടക്കാൻ കഴിയാതെ വലിയ പ്രതിസന്ധിയിലായിരുന്നു സജ്ഞയ് എന്ന് ബന്ധുക്കൾ പറഞ്ഞു.

അതേസമയം, 4355 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് സ്ഥാപന മേധാവികളായ വധാവൻ സഹോദരങ്ങളെ മുംബൈ കോടതി 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നവരെ കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിസിപി നേരിട്ടെത്തി ചർച്ച നടത്തി. കുറ്റക്കാരല്ലാത്ത നിക്ഷേപകരെ ഉപദ്രവിക്കില്ലെന്നും ആരുടേയും പണം നഷ്ടമാവില്ലെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

click me!