'കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ഹേമാമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കും': മധ്യപ്രദേശ് മന്ത്രി

By Web TeamFirst Published Oct 16, 2019, 3:16 PM IST
Highlights
  • മധ്യപ്രദേശിലെ റോഡുകള്‍ 'വാഷിങ്ടണിലെ വീഥികള്‍' പോലെയായിരുന്നു. കനത്ത മഴയിലാണ് റോഡുകള്‍ തകര്‍ന്നത്.
  • അറ്റകുറ്റപ്പണി നടത്തി റോഡുകള്‍ ഹേമാമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കും

ഭോപ്പാല്‍: മധ്യപ്രദേശിലെ റോഡുകള്‍ ബിജെപി എംപിയും നടിയുമായ ഹേമാമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി പി സി ശര്‍മ. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥയെ ബിജെപി നേതാവ് വിജയ് വര്‍ഗീയയുടെ മുഖത്തോട് ഉപമിച്ചാണ് മന്ത്രിയുടെ പരാമര്‍ശം. 

മധ്യപ്രദേശിലെ റോഡുകള്‍ 'വാഷിങ്‍ടണിലെ വീഥികള്‍' പോലെയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് റോഡുകള്‍ തകര്‍ന്നത്. നിലവില്‍ റോഡിലെ കുണ്ടും കുഴികളും വസൂരിക്കലകള്‍ നിറഞ്ഞ കൈലാസ് വിജയ് വര്‍ഗീയയുടെ മുഖത്തിന്‍റെ അവസ്ഥയിലാണ്. 15 ദിവസങ്ങള്‍ക്കകം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനാണ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ഉത്തരവ്. റോഡുകള്‍ നന്നാക്കി ഹേമാമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്നും ശര്‍മ പറഞ്ഞു.  

വാഷിങ്ടണിലെ റോഡുകളേക്കാള്‍ മികച്ചതാണ് മധ്യപ്രദേശിലെ റോഡുകള്‍ എന്ന് മുന്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ 2017-ല്‍ അഭിപ്രായപ്പെട്ടിരുന്നു. വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം റോഡിലൂടെ യാത്ര ചെയ്തപ്പോള്‍ യുഎസിലെ റോഡുകളേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളാണെന്ന് തോന്നിയെന്നായിരുന്നു ചൗഹാന്‍ പറഞ്ഞത്. ഇത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു ശര്‍മയുടെ പ്രസ്താവന.

click me!