
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ ബിജെപിക്ക് വൻനേട്ടം. സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാഗമായി മത്സരിക്കും. സംസ്ഥാനത്ത് 10 ലോക്‌സഭാ സീറ്റുകളിൽ ബിജെപി സഖ്യത്തിന്റെ ഭാഗമായി പിഎംകെ മത്സരിക്കും. സംസ്ഥാനത്ത് പിന്നോക്ക വിഭാഗമായ വാണിയര്‍ സമുദായ അംഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള പിഎംകെ എന്ന കക്ഷിക്ക് ആറ് ശതമാനത്തോളം ഉറച്ച വോട്ടും ഉണ്ട്. ഇത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
പിഎംകെയെ ഒപ്പമെത്തിക്കാൻ ബിജെപി നടത്തിയ തീവ്ര പരിശ്രമമാണ് ഫലം കണ്ടത്. രണ്ടാഴ്ചയിലേറെ നീണ്ട വിലപേശൽ ചര്‍ച്ചകൾക്ക് ഒടുവിലാണ് പത്ത് സീറ്റ് പിഎംകെയ്ക്ക് വിട്ടുനൽകിയത്. ചെന്നൈയിൽ പിഎംകെ അധ്യക്ഷൻ രാമദാസാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ബിജെപി മുന്നണിയിൽ ചേരരുതെന്ന് ജില്ലാ ഘടകങ്ങൾ നിലപാടെടുത്തിരുന്നെങ്കിലും ഇതെല്ലാം രാജ്യതാത്പര്യം മുൻനിര്‍ത്തി തള്ളുന്നുവെന്നാണ് അമ്പുമണി രാമദാസ് വ്യക്തമാക്കിയത്. അമ്പുമണി രാമദാസിന്റെ രാജ്യസഭ കാലാവധി 2025ൽ അവസാനിക്കാനിരിക്കെ ഇദ്ദേഹത്തിന് രാജ്യസഭാ സീറ്റും മുന്നണിയുടെ ഭാഗമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഎംകെയെ ഒപ്പം നിര്‍ത്താൻ എഐഎഡിഎംകെയും ശ്രമിച്ചിരുന്നു.
അതിനിടെ കോയമ്പത്തൂരിൽ 1998 ലെ ബോംബ് സ്ഫോടനത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോയമ്പത്തൂരിൽ നടത്തിയ റോഡ് ഷോയുടെ സമാപനത്തിലാണ് ആർഎസ് പുരത്തെ വേദിയിൽ മരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി പുഷ്‌പാര്‍ച്ചന നടത്തിയത്. 1998 ൽ നടന്ന സ്ഫോടനത്തിൽ 58 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam