
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് പ്രവർത്തനത്തിന് സജ്ജമായി. മകരസംക്രാന്തി ദിനമായ ജനുവരി 14 ന് അദ്ദേഹം പുതിയ ഓഫിസിലേക്ക് മാറുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായാണ് 'സേവാ തീർത്ഥ്' എന്ന പുതിയ ഓഫിസ് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് (NSCS) എന്നിവ സ്ഥാപിക്കുന്നതിനായാണ് ഈ സമുച്ചയം നിർമിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിന് 'സേവാ തീർഥ്-1' എന്നാണ് പേര്. ആധുനിക സൗകര്യങ്ങളോടെയാണ് ഓഫിസ് നിർമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റം ഒരു യുഗത്തിന്റെ അവസാനമായിരിക്കും. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതുമുതൽ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാറ്റിസ്ഥാപിച്ച കാബിനറ്റ് സെക്രട്ടേറിയറ്റ് 'സേവാ തീർഥ് 2'ൽ പ്രവർത്തിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് 'സേവാ തീർഥ് -3'-ൽ ആയിരിക്കും പ്രവർത്തിക്കുക. ഒഴിഞ്ഞ് കഴിഞ്ഞാൽ സൗത്ത്, നോർത്ത് ബ്ലോക്കുകൾ 'യുഗേ യുഗീൻ ഭാരത് സംഗ്രഹാലയ' എന്ന പേരിൽ മ്യൂസിയമാക്കി മാറ്റും. മ്യൂസിയത്തിന്റെ വികസനത്തിനുള്ള സാങ്കേതിക സഹകരണത്തിനായി 2024 ഡിസംബർ 19 ന് ഫ്രാൻസിന്റെ മ്യൂസിയം വികസന ഏജൻസിയുമായി കരാർ ഒപ്പുവച്ചിരുന്നു.
സേവാ തീർത്ഥം മുഴുവൻ (എക്സിക്യൂട്ടീവ് എൻക്ലേവ് എന്നും അറിയപ്പെടുന്നു) 1,189 കോടി രൂപ ചെലവിൽ ലാർസൻ & ട്യൂബ്രോയാണ് നിർമ്മിച്ചത്. 2,26,203 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമാണം. "എക്സിക്യൂട്ടീവ് എൻക്ലേവ് പാർട്ട് 2" എന്ന് പേരിട്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയും സമീപത്ത് നിർമ്മാണം പുരോഗമിക്കുകയാണ്. കൊളോണിയൽ പൈതൃകം ഇല്ലാതാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് മാറ്റം. ദില്ലിയുടെ ഐക്കണിക് രാജ്പഥിനെ കർതവ്യ പാത എന്ന് പുനർനാമകരണം ചെയ്തിരുന്നു.
ദില്ലിയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മന്ത്രാലയങ്ങളെ ഏകീകരിക്കുന്നതിനായി പുതിയ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് (സിസിഎസ്) കെട്ടിടങ്ങൾ നിർമ്മിക്കുന്നു. അത്തരമൊരു കെട്ടിടമായ കർത്തവ്യ ഭവൻ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്തു. ഒന്നിലധികം മന്ത്രാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam