പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ല; ദില്ലി ഹൈക്കോടതി

By Web TeamFirst Published Nov 14, 2022, 12:32 PM IST
Highlights

പോക്സോ  നിയമത്തിന്റെ ഉദ്ദേശം കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ അത്  യുവാക്കൾ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ  ക്രിമിനൽ കുറ്റമാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി.

ദില്ലി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ലെന്ന് ദില്ലി ഹൈക്കോടതി. ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങൾ ഒരിക്കലും ക്രിമിനൽ കുറ്റമല്ലെന്നും കോടതി പറഞ്ഞു. പതിനേഴുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം.

പോക്സോ  നിയമത്തിന്റെ ഉദ്ദേശം കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ അത്  യുവാക്കൾ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ  ക്രിമിനൽ കുറ്റമാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി. ഇര പ്രായപൂർത്തിയാകാത്ത ആളാണെങ്കിലും അവളുടെ സമ്മതത്തിന് നിയമപരമായ യാതൊരു സാധ്യത ഇല്ലെങ്കിലും ഓരോ കേസിന്‍‌റെയും സാഹചര്യങ്ങളും വസ്തുതകളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് യുവാവിന്  ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി.

2021 ജൂണിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദില്ലി സ്വദേശിയായ പതിനേഴു വയസുകാരിയെ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ച് അയച്ചു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ ആയിരുന്നില്ല വിവാഹം. മറ്റൊരു യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു.  ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് 2021 ഒക്ടോബറിൽ കാമുകനായ യുവാവിനൊപ്പം പെണ്‍കുട്ടി വീടുവിട്ടു. പഞ്ചാബിലേക്കാണ് ഇരുവരും പോയത്. അവിടെ വെച്ച് ഇരുവരും വിവാഹിതരായി.

ഇതിന് പിന്നാലെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ദമ്പതികൾക്ക് പോലീസ് സംരക്ഷണം അനുവദിച്ചെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഉഭയസമ്മതപ്രകാരമാണ് ഇരുവരും ജീവിതം ആരംഭിച്ചതെന്നും അതിനാല്‍ പോക്സോ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചത്. 

പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനെപ്പം പോയതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും. വിവാഹിതരായതും ആരുടേയും പ്രേരണയിലോ സമ്മര്‍ദ്ദത്തിലോ അല്ല. പെണ്‍കുട്ടി തന്നെയാണ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനൊപ്പം വീടുവിട്ടിറങ്ങിയതെന്നും കോടതി പറഞ്ഞു. അതിനാല്‍  പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ലെന്ന് ദില്ലി ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Read More : സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു, സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്
 

click me!