Asianet News MalayalamAsianet News Malayalam

സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു, സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്

കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

POCSO case against a civil police officer for sexually abusing two sisters in  in kozhikode
Author
First Published Nov 14, 2022, 12:18 PM IST

കോഴിക്കോട് : കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.  ഇവരുടെ അമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിനോദ് കുമാർ ഒളിവിലാണെന്നാണ് വിവരം. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നൽകിയത്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു. 

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിനും അമ്പലവയൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിനും പിന്നാലെയാണ് പൊലീസ് സേനയ്ക്കാകെ നാണക്കേടായി കോഴിക്കോട്ടും പോക്സോ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയാകുന്നത്. തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സുനുവിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. 

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സുനുവിനെ കസ്റ്റഡിയിലെടുത്തത്. 

കൂട്ടബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് എസ്എച്ച്ഒ അറസ്റ്റിൽ; അറസ്റ്റ് വീട്ടമ്മയുടെ പരാതിയിൽ

സിഐ പി ആർ സുനു നേരത്തെ മറ്റൊരു ബലാത്സംഗ കേസിലും റിമാൻഡിലായ വ്യക്തിയാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. മുളവുകാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലാകുന്നത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാൻഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു. 

പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ ഒളിവിൽ തന്നെ, ഇരുട്ടിൽ തപ്പി പൊലീസ്

അതേ സമയം, വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതി ഒളിവിൽ കഴിയുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.  ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. പോക്സോയ്ക്ക് പുറമെ എസ് ഇ- എസ് ടി അതിക്രമ നിരോധന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 

 

 

 


 

Follow Us:
Download App:
  • android
  • ios