വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍, വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു

By Web TeamFirst Published Nov 14, 2021, 11:43 AM IST
Highlights

പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്‍ക്കരിക്കും. പ്രിൻസിപ്പാള്‍ അറസ്റ്റിലായ ശേഷമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങു എന്ന നിലപാടിലായിരുന്നു രക്ഷിതാക്കൾ.

ബെംഗളൂരു: അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് കോയമ്പത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂള്‍ പ്രിന്‍സിപ്പാളിനെയും അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്നാണ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്. ഇതോടെ പീഡനവിവരം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന സ്വകാര്യ സ്കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി, വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു.  

പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്‍ക്കരിക്കും. പ്രിൻസിപ്പാള്‍ അറസ്റ്റിലായശേഷമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങു എന്ന നിലപാടിലായിരുന്നു രക്ഷിതാക്കൾ. പീഡനവിവരം പ്രിൻസിപ്പാളിനെ അറിയിച്ചെങ്കിലും പ്രിൻസിപ്പൽ കുട്ടിയെയാണ് കുറ്റപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.

സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി നിരന്തരം ലൈംഗികചൂഷണം നടത്തിയ അധ്യാപകനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. വാട്സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. മാസങ്ങളോളം കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. 

click me!