പെണ്‍കുട്ടിയുടെ പെരുമാറ്റത്തിവെ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി ആദ്യം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. 

പാല: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ (Plus Two Student) സ്വകാര്യ ദൃശ്യങ്ങള്‍ വിവാഹ വാഗ്ദാനം നല്‍കി വാങ്ങിയ യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് അജ്മലിനെയാണ് പാല (Pala) പൊലീസ് (Police) അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 21 വയസാണ്. 

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, മുഹമ്മദ് അജ്മല്‍ ജോലി ചെയ്തിരുന്ന പാലയിലെ കടയില്‍ ഇരയായ പെണ്‍കുട്ടി മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ വന്നിരുന്നു. ഈ അവസരത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ എടുത്തത്. തുടര്‍ന്ന് ഇയാള്‍ നിരന്തരം പെണ്‍കുട്ടിക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാന്‍ ആരംഭിച്ചു. ഈ ബന്ധം പ്രണയമായി മാറിയപ്പോഴാണ് വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും വാട്ട്സ്ആപ്പ് ചാറ്റിലൂടെ സ്വന്തമാക്കിയത്.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തിവെ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി ആദ്യം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. കുട്ടിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ പാലയില്‍ നിന്നും കടന്ന പ്രതി മുഹമ്മദ് അജ്മല്‍ വയനാട്ടില്‍ മൊബൈല്‍ കട നടത്തുകയായിരുന്നു. ഇവിടെ എത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.