ചെന്നൈയെ ഞെട്ടിച്ച ബാങ്ക് കൊള്ള കേസിൽ മുഖ്യആസൂത്രകനായ ബാങ്ക് ജീവനക്കാരൻ പിടിയിൽ

By Web TeamFirst Published Aug 15, 2022, 1:00 PM IST
Highlights

കൊള്ളയടിച്ച 32 കിലോഗ്രാം സ്വർണം വീതം വച്ചശേഷം സംഘം പലവഴിക്ക് പിരിയുകയായിരുന്നു. എന്നാൽ ഇവരിൽ പലരും ചെന്നൈയിൽ തന്നെ തിരികെയെത്തി

ചെന്നൈ:  ചെന്നൈ അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ളയടിച്ച കേസിൽ മുഖ്യസൂത്രധാരനും ബാങ്ക് ജീവനക്കാരനുമായ മുരുകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മുരുകൻ്റെ സഹായികളായ ബാലാജി,ശക്തിവേൽ, സന്തോഷ്എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.  ചെന്നൈ നഗരത്തിൽ നിന്നു തന്നെയാണ് ഇവരെ പിടികൂടിയത്. 

സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ശങ്കർ ജസ്‍വാൾ പറഞ്ഞു. ചെന്നൈ നഗരത്തിലെ തിരുമംഗലത്ത് നിന്നാണ് മുരുകൻ പിടിയിലായത്. കൊള്ളയടിച്ച 32 കിലോഗ്രാം സ്വർണം വീതം വച്ചശേഷം സംഘം പലവഴിക്ക് പിരിയുകയായിരുന്നു. എന്നാൽ ഇവരിൽ പലരും ചെന്നൈയിൽ തന്നെ തിരികെയെത്തി. മറ്റൊരു ജില്ലയിൽ നിന്ന് ചെന്നൈയിൽ തിരികെയെത്തിയ ഉടൻ മുരുകനെ പിടികൂടുകയായിരുന്നുവെന്ന് ശങ്കർ ജസ്‍വാൾ പറഞ്ഞു.

കവർച്ചാ ശ്രമത്തിൽ പങ്കാളിയായ സൂര്യൻ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്. ചെന്നൈയിൽ തിരുവള്ളൂർ മേഖലയിൽ നിന്നാണ് പ്രതികളെല്ലാം പിടിയിലായിട്ടുള്ളത് ഈ സാഹചര്യത്തെ അന്വേഷണസംഘം രണ്ട് ടീമായി പിരിഞ്ഞ് ഈ മേഖലയിൽ പരിശോധനയും തെരച്ചിലും തുടരുകയാണ് ബാങ്കിൽ നിന്നും കൊള്ളയടിക്കപ്പെട്ട 32 കിലോ സ്വർണത്തിൽ 18 കിലോ പിടിയിലായ പ്രതികളിൽ നിന്നും വീണ്ടെടുത്തിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അരുംപാക്കത്ത് ബാങ്കിൽ വൻ കവർച്ച നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടന്നു. 

മാനേജരേയും ബാങ്കിലുണ്ടായിരുന്ന മറ്റ് ആറ് ജീവനക്കാരേയും കത്തി കാട്ടി ഭയപ്പെടുത്തി കെട്ടിയിട്ടായിരുന്നു ബാങ്ക് കൊള്ളയടിച്ചത്. സ്വർണപ്പണയമടക്കം പണമിടപാടുകൾ നടത്തുന്ന നടത്തുന്ന ഫെഡറൽ ബാങ്കിന്‍റെ ഉപ സ്ഥാപനമാണ് ഫെഡ് ബാങ്ക്. പണയസ്വർണം സൂക്ഷിക്കുന്ന സേഫ് ലോക്കറുകളെപ്പറ്റി അറിവുണ്ടായിരുന്ന ജീവനക്കാരന്‍റെ സഹായത്തോടെ  20 കോടി രൂപയുടെയെങ്കിലും കവർച്ച നടന്നിട്ടുണ്ടെന്നാണ് ആദ്യ നിഗമനം. 

ഫോറൻസിക് വിദഗ്ധരെത്തി വിരലടയാളവും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. അണ്ണാ നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപീകരിച്ച് പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. നഗരത്തിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് ദ്രുതഗതിയിൽ അന്വേഷണം പുരോഗമിക്കുന്നത്. കവർച്ചാ സംഘത്തിൽ ഒരാൾ ബാങ്കിലെ കരാർ ജീവനക്കാരനായ മുരുകനാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം വഴിമാറി. 

click me!