
ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപൂരിൽ യുവാവിന്റെ ആത്മഹത്യയിൽ ബിജെപി എംപിക്കെതിരെ കേസ്. മുൻ മന്ത്രിയും ബിജെപി എംപിയുമായ കെ.സുധാകറിനും മറ്റ് രണ്ടു പേർക്കുമെതിരെയുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന എം.ബാബു (30) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. വ്യാഴാഴ്ച രാവിലെയാണ് ബാബു ആത്മഹത്യ ചെയ്തത്. ബാബു എഴുതിയിരുന്ന കുറിപ്പ് ഭാര്യ ശിൽപയ്ക്ക് ലഭിച്ചിരുന്നു. കുറിപ്പിൽ ബിജെപി എം.പിയുടേയും രണ്ട് പേരുടേയും പേര് പരാമർശിച്ചിരുന്നു. ഇതോടെയാണ് ജീവനൊടുക്കിയ ബാബുവിന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മുൻ മന്ത്രിയും മൂന്ന് തവണ എംഎൽഎയുമായിരുന്ന കെ സുധാകർ, നാഗേഷ്, മഞ്ജുനാഥ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സാമ്പത്തിക വഞ്ചന, ആത്മഹത്യാ പ്രേരണ, പട്ടികജാതി/ പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവ പ്രകാരമാണ് എഫ്ഐആർ ചെയ്തിരിക്കുന്നത്. കെ.സുധാകറിനെ ഒന്നാം പ്രതിയായും, നാഗേഷിനെ രണ്ടാം പ്രതിയായും, മഞ്ജുനാഥയെ മൂന്നാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് സുധാകറും നാഗേഷും ചേർന്ന് 25 ലക്ഷം രൂപ തട്ടിച്ചതായും തന്നെ ആത്മഹത്യയിലേക്കു തള്ളിവിട്ടതായും ആത്മഹത്യാ കുറിപ്പിൽ ബാബു ആരോപിക്കുന്നു. എംപിയുടെ സ്വാധീനം ഉപയോഗിച്ച് സർക്കാർ ജോലി നേടാൻ സഹായിക്കാമെന്നു പറഞ്ഞ് നാഗേഷും അക്കൗണ്ട്സ് അസിസ്റ്റന്റും ചേർന്നാണ് പണം തട്ടിയതെന്നാണ് ആത്മഹത്യകുറിപ്പിലുള്ളത്.
ആറ് വർഷത്തിലേറെയായി ജില്ലാ പഞ്ചായത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ കോൺട്രാക്റ്റ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു. ഇയാളെ വ്യാഴാഴ്ച രാവിലെയാണ് ചിക്കബല്ലാപൂരി ഡിസി ഓഫീസ് പരിസരത്ത് ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പണം തട്ടിയ സംഭവത്തിൽ എംപി നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടോ, അതോ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.അതേസമയം ബാബുവിന്‍റെ മരണത്തിൽ ദുഖമുണ്ടെന്നും എന്റെ പൊതുജീവിതത്തിൽ ബാബു എന്ന ഈ വ്യക്തിയെ ഞാൻ ഒരിക്കലും കാണുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും സുധാകർ ദില്ലിയിൽ പ്രതികരിച്ചു. ബാബുവിന്‍റെ കുറിപ്പിൽ പേരുള്ള മറ്റ് രണ്ട് വ്യക്തികളെക്കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നുമാണ് സുധാകർ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam