
ശ്രീനഗർ: മോഷണ കേസിൽ പിടിയിലായ യുവാവിനെ പൊലീസ് സംഘം ചെരുപ്പ് മാല ധരിപ്പിച്ച് നാട് ചുറ്റിച്ചു. ജമ്മു കശ്മീരിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നു. ഇതോടെ പൊലീസുകാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
ജമ്മു കശ്മീരിലെ ബക്ഷി നഗറിലാണ് സംഭവം. കൈകൾ ബന്ധിച്ച് പൊലീസ് ജീപ്പിന്റെ ബോണറ്റിൽ ഇരുത്തിയാണ് ചെരുപ്പ് മാല അണിയിച്ച് യുവാവിന്‍റെ പരേഡ് നടത്തിയത്. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
മരുന്ന് വാങ്ങാൻ എത്തിയ ആളിൽ നിന്നും 40,000 രൂപ മോഷ്ടിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനം ഉയർന്നു. കള്ളനാണെങ്കിൽ നിയമപരമായ മാർഗത്തിലൂടെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനം അരുതെന്നും സോഷ്യൽ മീഡിയയിൽ നിരവധി പേർ ചൂണ്ടിക്കാട്ടി.
തുടർന്ന് പൊലീസുകാരുടേത് പ്രൊഫഷണലല്ലാത്തതും മാന്യമല്ലാത്തതുമായ പ്രവൃത്തിയാണെന്ന് ജമ്മു പൊലീസ് തന്നെ പ്രസ്താവന ഇറക്കി. തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി. ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനോട് അന്വേഷണം നടത്തി ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.