
ശ്രീനഗര്‍: ധീരതയ്ക്കുള്ള മെഡല്‍ ഏറ്റുവാങ്ങിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ ഭീകരർക്കൊപ്പം കസ്റ്റഡിയിലെടുത്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കറെ തൊയ്ബ ഭീകർക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ഡിഎസ്പി ദേവീന്ദർ സിംഗിനെ ജമ്മുകശ്മീര്‍ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നായിരുന്നു ധീരതയ്ക്കുള്ള മെഡല്‍ ദേവീന്ദർ സിംഗ് ഏറ്റുവാങ്ങിയത്.
ദില്ലിയിലേക്ക് പോകുന്ന വഴി തെക്കൻ കശ്മീരിലെ കുൽഗാമിലുള്ള മിർ ബാസാറിലെ പൊലീസ് ബാരിക്കേഡിൽ വച്ചായിരുന്നു മൂന്നാംഗ സംഘത്തെ പൊലീസ് പിടികൂടിയത്. വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ദേവേന്ദ്ര സിംഗിനൊപ്പം കാറിലുള്ളത് ഭീകരരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ നവീന്‍ ബാബുവിനും ലഷ്കറെ തൊയ്ബ ഭീകരൻ ആസിഫ് റാത്തറിനുമൊപ്പമാണ് ദേവീന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനക്കാരായ 11 ട്രക്ക് ഡ്രൈവർമാരെ കൊന്ന കേസിലെ പ്രതിയാണ് നവീന്‍ ബാബു. സംഘം സഞ്ചരിച്ചിരുന്ന കാറിൽനിന്ന് അഞ്ച് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തിരുന്നു.
Read More: ജമ്മു കശ്മീരിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിംഗ് ഭീകരർക്കൊപ്പം പിടിയിൽ
ഇതിന് പിന്നാലെ ദേവീന്ദർ സിംഗിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ രണ്ട് എകെ47 തോക്കുകളും കണ്ടെടുത്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ ദേവീന്ദർ സിംഗിനെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിങ് വിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ദേവീന്ദർ സിംഗ്. കശ്മീരിലെ ഭീകരവിരുദ്ധ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലും ദേവീന്ദർ സിംഗ് ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam