
ദില്ലി: ദില്ലിയിൽ പ്രൊഫസറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലെ ശിവാജി കോളേജിലെ അസിസ്റ്റൻ്റ് പൊഫസറായ ദേബോസ്മിത പോളിൻ്റെ (42) മരണത്തിലാണ് അന്വേഷണം തുടരുന്നത്. യുവതിയുടെ ഫ്ലാറ്റിലെത്തിയ രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മാസ്ക് ധരിച്ചും കൈയിൽ ബാഗുകളുമായും എത്തിയ പുരുഷനും സ്ത്രീയും 30 മിനിറ്റിന് ശേഷം ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് പോയെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ എത്തിയത് കൊലപാതകത്തിന് മുൻപാണോ ശേഷമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഈസ്റ്റ് ദില്ലിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെൻ്റ്സിലെ ഫ്ലാറ്റിലാണ് ദേബോസ്മിത പോളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഹോദരിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ദേബോസ്മിത മാത്രമായിരുന്നു താമസിച്ചിരുന്നത്. ദേബോസ്മിതയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് സഹോദരി ദേവരതി പോൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ദേബോസ്മിതയുടെ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിനിടെ, ദേവരതി ഫ്ലാറ്റിൽ എത്തിയപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്ന് ഫ്ലാറ്റിൽ പ്രവേശിപ്പിച്ചപ്പോഴാണ് സഹോദരിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൂൺ മൂന്നിനാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തൽ. അന്നേദിവസം ഉച്ചകഴിഞ്ഞ് 3:20നാണ് രണ്ടംഗ സംഘം ദേബോസ്മിതയുടെ ഫ്ലാറ്റിൽ എത്തിയത്. സ്വകാര്യ വാഹനത്തിൽ അപ്പാർട്ട്മെൻ്റിൽ എത്തിയ മൂവർ സംഘത്തിൽ രണ്ടുപേരാണ് ഫ്ലാറ്റിൽ എത്തിയതെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. ഇവർ മാസ്ക് ധരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ബാഗുകളും ഇവരുടെ പക്കലുണ്ടായിരുന്നു.
ലിഫ്റ്റ് ഒഴിവാക്കി സ്റ്റെയർകേസിലൂടെ നടന്നുകയറിയ സംഘം 30 മിനിറ്റിന് ശേഷം പുറത്തിറങ്ങുകയായിരുന്നു. ഈ സമയം ഇരുവരും ധരിച്ചിരുന്ന വസ്ത്രം മാറിയിരുന്നതായാണ് റിപ്പോർട്ട്. തുടർന്ന് ഇവർ വന്ന വാഹനത്തിൽ തന്നെ കയറിപ്പോയി.
അന്വേഷണ സംഘം വാഹനത്തിൻ്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്ത് വരികയാണ്. ഇയാളിൽനിന്ന് യാത്രയുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ബലപ്രയോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല. ഇരുവരെയും ദേബോസ്മിത തന്നെയാണ് വീടിനുള്ളിലേക്ക് പ്രവേശിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഭാരമേറിയ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ യുവതിയുടെ പോസ്റ്റ് മോർട്ടം പുരോഗമിക്കുകയാണ്.
വിവാഹിതയായിരുന്ന ദേബോസ്മിത 2022 മുതൽ ഭർത്താവിൽനിന്ന് അകന്നു കഴിയുകയാണ്. ഭർത്താവ് ബെംഗളൂരുവിലാണ് താമസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam