സിജെപി മാർച്ചിനെതിരായ ദില്ലി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പൊലീസ് വിദ്യാർത്ഥികളെ അതിക്രൂരമായി ആക്രമിച്ചുവെന്ന് കെജ്രിവാൾ പറഞ്ഞു. മോദി പരാജയപ്പെട്ട പ്രധാനമന്ത്രിയാണെന്നും അദ്ദേഹം വിമർശിച്ചു.
ദില്ലി: കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിച്ച പാർലമെൻ്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത നിരായുധരായ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അമിതമായി ബലം പ്രയോഗിച്ചുവെന്നും അതിക്രൂരമായി ആക്രമിച്ചെന്നും കെജ്രിവാൾ പറഞ്ഞു. പ്രതിഷേധക്കാർ സമാധാനപരമായി മാർച്ച് ചെയ്യുമ്പോഴാണ് ദില്ലി പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.
"മോദി സർക്കാർ കുട്ടികളെ അതിക്രൂരമായാണ് നേരിട്ടത്. അവരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. വടിയോ കല്ലോ ഒന്നും തന്നെയില്ല. അവർ സമാധാനപരമായി പാർലമെന്റിലേക്ക് പോവുകയായിരുന്നു. അവരെ മൃഗീയമായി ലാത്തിച്ചാർജ് ചെയ്തു. പല കുട്ടികളുടെയും തലയ്ക്ക് പരിക്കേറ്റു. ചിലരുടെ കൈയും കാലും ഒടിഞ്ഞു. അത്രയ്ക്ക് ക്രൂരമായാണ് മോദി ഈ കുട്ടികളെ ആക്രമിച്ചത്" - കെജ്‌രിവാൾ പറഞ്ഞു.
തുടർച്ചയായുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകൾ, പരീക്ഷകൾ സുതാര്യമായി നടത്താനുള്ള സർക്കാരിന്റെ പരാജയമാണ് കാണിക്കുന്നതെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. വിദ്യാർത്ഥികൾ ഒരൊറ്റ കാര്യമേ ആവശ്യപ്പെടുന്നുള്ളൂ, ചോദ്യപ്പേപ്പർ ചോർച്ച അവസാനിപ്പിക്കണം. ഒരു പരീക്ഷ പോലും നേരാംവണ്ണം നടത്താൻ കഴിയാത്ത ഒരു പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് മോദി. എല്ലാ വർഷവും ചോദ്യപ്പേപ്പർ ചോരുന്നു. ഇതിനെതിരെ ശബ്ദിക്കുന്ന വിദ്യാർത്ഥികളെ ലാത്തി കൊണ്ടടിക്കുന്നുവെന്നും കെജ്‌രിവാൾ വിമർശിച്ചു.
"മോദിജിക്ക് സ്വന്തമായി കുട്ടികളില്ല, അതുകൊണ്ട് കുട്ടികളുണ്ടാകുന്നതിന്റെ വേദന അദ്ദേഹത്തിന് അറിയില്ല. ഈ വിദ്യാർത്ഥികളെല്ലാം നമ്മുടെ മക്കളാണ്. അവരെയിങ്ങനെ തല്ലിച്ചതക്കുന്നത് ശരിയല്ല. മോദിജിക്ക് അങ്ങേയറ്റം അഹങ്കാരമാണ്, അത്തരം അഹങ്കാരം നല്ലതല്ല. നിരവധി വിദ്യാർത്ഥികൾക്കെതിരെ വ്യാജ എഫ്‌ഐആറുകളും കള്ളക്കേസുകളും എടുത്തിട്ടുണ്ട്, പലരെയും അറസ്റ്റ് ചെയ്തു. ചില കുട്ടികൾ എവിടെയാണെന്ന് മാതാപിതാക്കൾക്ക് പോലും അറിയില്ല. ഇന്ന് രാവിലെ മുതൽ ഞങ്ങൾ ഒരു ഹെൽപ്പ്‌ലൈൻ തുടങ്ങി. അതിൽ വരുന്ന മെസേജുകൾ അനുസരിച്ച് ഞാൻ നേരിട്ട് പൊലീസ് സ്റ്റേഷനുകളിൽ പോയി ഏകദേശം 70-80 കുട്ടികളെ മോചിപ്പിച്ചു" - കെജ്രിവാൾ പറഞ്ഞു.


