
ബെംഗളൂരു: ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിൻ്റ് നമ്പർ ഒന്നിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. കനത്ത മഴയായതിനാൽ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ് നിലവിലുള്ളത്. മൂന്നടി താഴ്ചയിൽ കുഴിച്ചു നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. എന്നാൽ പുഴക്കര ആയതിനാൽ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്കരമാണെന്ന് അന്വേഷണ സംഘം പറയുന്നു.
കൂടുതൽ പോയിന്റുകളിൽ പരിശോധന നടത്തുന്ന കാര്യം ആലോചിച്ചു വരികയാണ്. ഐജി അനുചേതും എസ് പി ജിതേന്ദ്ര കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്. ധർമ്മസ്ഥലയിലെ ആദ്യ പോയിന്റിലെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ പരിശോധനയ്ക്ക് ജെസിബി എത്തിച്ചിട്ടുണ്ട്. സാക്ഷിക്ക് തൃപ്തിയാകുന്നത് വരെ കുഴിക്കാൻ തയ്യാറാണെന്നും നിലവിൽ ഉറവയും വെള്ളക്കെട്ടും ഉള്ളതിനാൽ മൺവെട്ടിയും ഉപകരണങ്ങളും കൊണ്ട് കൂടുതൽ കുഴിക്കാൻ കഴിയുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു. ഇന്ന് രാവിലെയാണ് ആദ്യ പോയിൻ്റിൽ കുഴിച്ച് പരിശോധന തുടങ്ങിയത്. നിലവിൽ പരിശോധന തുടരുകയാണ്.