ദ്രൗപതി മു‍ർമു, യശ്വന്ത് സിൻഹ; രാഷ്ട്രപതി സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ജീവിതം

By Web TeamFirst Published Jun 27, 2022, 8:53 AM IST
Highlights

2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികളും പരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ദ്രൗപതി മുർമുവിന്റെയും യശ്വന്ത് സിൻഹയുടെയും രാഷ്ട്രീയജീവിതവും പ്രസക്തമാവുകയാണ്. 

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശ്രദ്ധാകേന്ദ്രം രണ്ട് പ്രധാന സ്ഥാനാർത്ഥികളായ ദ്രൗപതി മുർമുവും യശ്വന്ത് സിൻഹയുമാണ്. ഏറെ ചർച്ചകൾക്ക് ശേഷമാണ് എൻഡിഎയും പ്രതിപക്ഷവും ഈ ടേമിലെ രാഷ്ട്രപതി സ്ഥാനാർത്ഥികളുടെ പേര് നിർദ്ദേശിച്ചത്. എൻഡിഎയുടെ സ്ഥാനാർത്ഥി ദ്രൗപതി മുർമു ജാർഖണ്ഡ് മുൻ ഗവർണറും മുൻ ഒഡീഷ മന്ത്രിയുമായാണ് ദ്രൗപതി മുർമു. മുൻ ബിജെപി നേതാവും മമതാ ബാനർജിയുടെ തൃണമൂലിൽ ചേരാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബിജെപി വിട്ട മുൻ ധനമന്ത്രിയുമാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മുൻ ബംഗാൾ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സിൻഹയ്ക്ക് മുമ്പായി പ്രതിപക്ഷം മുന്നോട്ട് വച്ചിരുന്നു. എന്നാൽ ശരത് പവാറാണ് യശ്വന്ത് സിൻഹയുടെ പേര് നി‍ർദ്ദേശിച്ചത്. തുടർന്ന് ടിഎംസിയിൽ നിന്ന് രാജി വച്ച്  സിൻഹ മത്സരത്തിനിറങ്ങി. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികളും പരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ദ്രൗപതി മുർമുവിന്റെയും യശ്വന്ത് സിൻഹയുടെയും രാഷ്ട്രീയജീവിതവും പ്രസക്തമാവുകയാണ്. 

ദ്രൗപതി മുർമു

ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2013ൽ ഒഡീഷയിലെ പാർട്ടിയുടെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.  2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി.

Read Also:'ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ദശലക്ഷങ്ങളുടെ പ്രതിനിധി': ദ്രൗപതി മുർമുവിനെക്കുറിച്ച് പ്രധാനമന്ത്രി

2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു.  2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). 2015ൽ  ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.

യശ്വന്ത് സിൻഹ

24 വ‍ര്‍ഷം സിവിൽ സ‍ര്‍വീസ് മേഖലയിൽ പ്രവ‍ര്‍ത്തിച്ച യശ്വന്ത് സിൻഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർ‍ത്തിച്ചു. ചന്ദ്രശേഖ‍ര്‍, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. ചന്ദ്രശേഖ‍റിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവ‍ര്‍ത്തിച്ചു.

Read Also: 'അവൻ അവന്റെ രാജധർമം പിന്തുടരുന്നു, ഞാൻ എന്റെ രാഷ്ട്ര ധർമ്മം പിന്തുടരും' -മകനെക്കുറിച്ച് യശ്വന്ത് സിൻഹ

പിന്നീട് ബിജെപിയിൽ ചേര്‍ന്ന ശേഷം വാജ്പേയ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവ‍‍ര്‍ത്തിച്ചു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ൽ ബിജെപി വിട്ടത്. പിന്നീട് 2021 ൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നു. നിലവിൽ തൃണമൂൽ വൈസ്പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ രാജിവെച്ചത്. ബിജെപിയുടെ ഒരു മുൻ നേതാവിനെ തന്നെയാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നത് ശ്രദ്ധേയമാണ്.

click me!