
ദില്ലി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പരിഹാരം കാണാൻ കോൺഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുൾ വാസ്‌നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരെയാണ് നിയോഗിച്ചത്. വിമതരുമായി സംസാരിക്കാൻ സജ്ജൻ സിംഗ് വർമ്മ, ഗോവിന്ദ് സിംഗ് എന്നീ നേതാക്കളെയും ചുമതലപ്പെടുത്തി. അതേസമയം ബിജെപി എംഎൽഎമാരെ ഹരിയാന ഗുരുഗ്രാമിലെ ഐടിസി ഗ്രാൻഡ് ഭാരത് ഹോട്ടലിലെത്തിച്ചു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റിവെച്ചതായാണ് വിവരം. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി എംഎൽഎമാരെ ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേ സമയം അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. കമൽനാഥ് രാജി വക്കേണ്ടതില്ലെന്നും,16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ വിശ്വാസവോട്ട് തേടാനുമാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും കമൽനാഥ് അവകാശപ്പെട്ടിരുന്നു. സിന്ധ്യയെ അനുകൂലിക്കുന്ന 22 വിമത എംഎൽഎമാരാണ് ഇതുവരെ രാജിവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam