മേധാവിത്വം തുടര്‍ന്ന് ബിജെപി, അതിജീവനത്തിനായി കോണ്‍ഗ്രസ്, നേട്ടങ്ങളുമായി ആംആദ്മി; ആരാകും ഭാവി ജേതാവ്?

By Web TeamFirst Published Dec 31, 2022, 12:08 PM IST
Highlights

2024 ലേക്കുള്ള ശക്തി സംഭരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴേ തീവ്രശ്രമം നടത്തുമ്പോള്‍, ഭാരത ജോഡോ യാത്രയിലൂടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ രാഹുല്‍ഗാന്ധി രാജ്യപര്യടനത്തിലാണ്. പഞ്ചാബില്‍ വേരുറപ്പിച്ചതിന് പിന്നാലെ ഗുജറാത്തിലെ സാന്നിധ്യത്തോടെ ദേശീയ പദവി നേടിയ ആംആദ്മി പാര്‍ട്ടിയും വളര്‍ച്ചയുടെ വഴികള്‍ തേടുകയാണ്. 

ദില്ലി : ബിജെപിയുടെ തുടരുന്ന മേധാവിത്വവും, അതിജീവനത്തിനായുള്ള കോണ്‍ഗ്രസിന്‍റെ പോരാട്ടവുമാണ് 2022 ൽ രാജ്യത്തെ രാഷ്ട്രീയ കലണ്ടറിന്‍റെ താളുകള്‍ മറിച്ചത്. 2024 ലേക്കുള്ള ശക്തി സംഭരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴേ തീവ്രശ്രമം നടത്തുമ്പോള്‍, ഭാരത ജോഡോ യാത്രയിലൂടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ രാഹുല്‍ഗാന്ധി രാജ്യപര്യടനത്തിലാണ്. പഞ്ചാബില്‍ വേരുറപ്പിച്ചതിന് പിന്നാലെ ഗുജറാത്തിലെ സാന്നിധ്യത്തോടെ ദേശീയ പദവി നേടിയ ആംആദ്മി പാര്‍ട്ടിയും വളര്‍ച്ചയുടെ വഴികള്‍ തേടുകയാണ്. 

വരും വര്‍ഷങ്ങളിലും ബിജെപിയുടെ പ്രചാരണമുഖം ആരാകുമെന്ന ചോദ്യത്തിന് തല്‍ക്കാലം പകരം പേരുകളില്ല. മൂന്നരപതിറ്റാണ്ടിന് ശേഷം തുടര്‍ഭരണത്തിന് ഉത്തര്‍പ്രദേശിനെ പരുവപ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷമാദ്യം ബിജെപിയുടെ തുടര്‍ രാഷ്ട്രീയ വളര്‍ച്ചക്ക് മോദി തുടക്കമിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്ന് മോദി നേരെ പോയത് ഗുജറാത്തിലേക്കാണ്. ചരിത്രവിജയം ഗുജറാത്തില്‍ നേടി 2024 ലേക്കുള്ള  യാത്രയുടെ സൂചന ബിജെപി നല്‍കി. ഉത്തരാഖണ്ഡിലും, മണിപ്പൂരിലും വിജയങ്ങള്‍ ആവര്‍ത്തിച്ചു. മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡിയിലൂടെ ശിവസേനയെ പിളര്‍ത്തി ഉദ്ധവ് താക്കറേക്ക് മറുപടി നല്‍കി. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ഭരണം അട്ടിമറിച്ചു. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ തോല്‍വിയും ബിഹാറിലെ നിതീഷ് കുമാറിന്‍റെ ചുവട് മാറ്റവും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതോടെ തുടര്‍ച്ചയായ തോല്‍വികളില്‍ തളര്‍ന്നു കിടന്ന കോണ്‍ഗ്രസ് തെരുവിലിറങ്ങി.തിരിച്ചടികളുടെ കാരണത്തിന് പരിഹാരം തേടി സംഘടിപ്പിച്ച ചിന്തന്‍ ശിബിരം പക്ഷേ ഗാന്ധികുടുംബത്തിനായുള്ള മുറവിളിയായി മാറുന്നതാണ് കണ്ടത്. ബിജെപി ഉയര്‍ത്തിയ 'പരിവാര്‍ വാദ' പരിഹാസങ്ങള്‍ക്കിടെ അധ്യക്ഷ സ്ഥാനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ ഏല്‍പിച്ച് ഗാന്ധി കുടുംബം മാറി നിന്നെങ്കിലും രാജസ്ഥാനിലെ പ്രതിസന്ധിയില്‍ അവര്‍ തന്നെ അവസാനവാക്കായി. 

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിലടക്കമുള്ള ഊര്‍ജ്ജ സംഭരണത്തിനായി ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി പര്യടനം നടത്തുന്നതാണ് വര്‍ഷാന്ത്യത്തിലെ കാഴ്ച. മോദിക്ക് ബദലാകുമോ രാഹുല്‍?,തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ രാഹുലിന്‍റെ യാത്രക്കാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തൊട്ടടുത്ത വര്‍ഷങ്ങള്‍ മറുപടി നല്‍കേണ്ടിയിരിക്കുന്നു. 

പഞ്ചാബ് പിടിച്ച് ദില്ലിക്കപ്പുറമുള്ള വളര്‍ച്ച ഈ വര്‍ഷം ആംആദ്മി പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ തെളിയിച്ചു.  ഗുജറാത്തിലെ 5 സീറ്റിലൂടെ ദേശീയ പാര്‍ട്ടിയെന്ന പദവി കൂടി നേടുമ്പോള്‍, കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വേരോടിക്കാനാണ് നീക്കം. അഴിമതി കേസുകളില്‍ മന്ത്രിമാര്‍ കുടുങ്ങിയെങ്കിലും രാഷ്ട്രീയ വളര്‍ച്ചക്ക് തിരിച്ചടിയായിട്ടില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് ചിലയിടങ്ങളിലെങ്കിലും തടയിടാമെന്ന് ആംആ്ദമി കരുതുമ്പോള്‍ മോദിയുടെ തന്ത്രത്തെ മറികടന്നുള്ള തേരോട്ടത്തിന് ദില്ലി പാര്‍ട്ടിയെന്ന ആക്ഷേപത്തില്‍ നിന്ന് പുറത്ത് കടന്ന ആംആദ്മിക്ക് കഴിയുമോയെന്നതിനും വരും നാളുകള്‍ ഉത്തരം നല്‍കും. 

2022 : കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങളുണ്ടായ വർഷം
 

click me!