അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു; മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി

By Web TeamFirst Published Mar 11, 2021, 12:21 AM IST
Highlights

സ്ഫോടകവസ്തു കണ്ടെത്തിയ സ്കോര്‍പിയ കാറിന്റെ ഉടമ മന്‍സുഖ് ഹിരേനിനെ സച്ചിന്‍ കൊലപ്പെടുത്തിയെന്ന് ഭാര്യ വിമല ഹിരേന്‍ പുതിയ അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു. 

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. ജലാറ്റിന്‍ സ്റ്റിക് നിറച്ചിരുന്ന വാഹനത്തിന്റെ ഉടമയുടെ ദുരൂഹമരണത്തില്‍ ആരോപണവിധേയനായ പൊലീസ് ഇന്‍സ്പെക്ടറെ നിലവിലെ ചുമതലകളിൽ നിന്നെല്ലാം മാറ്റി നിർത്തി. കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബിജെപി ഇന്നും കനത്ത പ്രതിഷേധമുയര്‍ത്തി.

മുംബൈ പൊലീസിലെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് ഇന്‍സ്പെക്ടറും ഏറ്റുമുട്ടല്‍ വിദഗ്ധനുമാണ് നടപടി നേരിട്ട സച്ചിന്‍ വാസെ. സ്ഫോടകവസ്തു കണ്ടെത്തിയ സ്കോര്‍പിയ കാറിന്റെ ഉടമ മന്‍സുഖ് ഹിരേനിനെ സച്ചിന്‍ കൊലപ്പെടുത്തിയെന്ന് ഭാര്യ വിമല ഹിരേന്‍ പുതിയ അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി അഞ്ച് വരെ വാഹനം ഉപയോഗിച്ചത് സച്ചിനാണെന്നും ഇവര്‍ ആരോപിച്ചു. 

മഹാരാഷ്ട്ര നിയമസഭയില്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയ ബിജെപി സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സമ്മര്‍ദം ശക്തമായതോടെയാണ് സര്‍ക്കാറിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തിയത്. റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതുള്‍പ്പടെ പലവിവാദ കേസുകളും അന്വേഷിച്ചത് സച്ചിനാണ്. 

മുന്‍പ് സസ്പെന്‍ഷിനിലായതിനെ തുടര്‍ന്ന് ഇയാള്‍ സര്‍വീസില്‍നിന്ന് രാജിവച്ച് ശിവസേനയില്‍ ചേര്‍ന്നിരുന്നു. മാൻസുഖ് ഹിരേന്‍റെ മരണം അന്വേഷിക്കുന്ന മഹാരാഷ്ട്രാ ഭീകര വിരുധ സ്ക്വാഡ് ഇന്നലെ സച്ചിന്‍ വാസെയെ ചോദ്യം ചെയ്തു. കഴിഞ്ഞമാസം 25നാണ് ജലാറ്റിന്‍ സ്റ്റിക്ക് നിറച്ച വാഹനം അംബാനിയുടെ മുംബൈയിലെ വീടിന് സമീപം കണ്ടെത്തിയത്. പിന്നാലെ, കഴിഞ്ഞ വെള്ളിയാഴ്ച്ച താനെയിലെ കടലിടുക്കിൽ വായിൽ തുണി തിരുകിയ നിലയിൽ വാഹനമുടമയുടെ മൃതദേഹം കണ്ടെത്തിയത്.

click me!