
ദില്ലി: പൂഞ്ച് ഭീകരാക്രമണം കൃത്യമായ മുന്നൊരുക്കത്തോടെയാണ് നടപ്പാക്കിയതെന്നതിന് കൂടുതൽ തെളിവുകൾ. റിമോട്ട് നിയന്ത്രിത സ്റ്റിക്കി ബോംബുകൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും, എകെ 47 തോക്കുപയോഗിച്ച് 36 തവണ വെടിയുതിർത്തെന്നും അന്വേഷണത്തിൽ വ്യക്തമായി. ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന സംശയവും ബലപ്പെടുകയാണ്.
അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ പൂഞ്ച് ഭീകരാക്രമണം ദീവസങ്ങൾ നീണ്ട തയാറെടുപ്പോടെയാണ് നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ച പുതിയ തളിവുകൾ. സൈനിക വ്യൂഹം സഞ്ചരിക്കുമ്പോൾ വേഗം കുറയുന്ന സ്ഥലം നേരത്തെ കണ്ടെത്തിയാണ് ആക്രമണത്തിന് പദ്ദതിയിട്ടത്. ഇതിനായി പ്രാദേശിക സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. നാട്ടുകാരായ 14 പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. സൈനികവാഹനത്തിന്റെ ഇന്ധന ടാങ്കിന് നേരെ ഭീകരർ ആദ്യം വെടിയുതിർക്കുകയും ഗ്രെനേഡെറിയുകയും ചെയ്തെങ്കിലും പെട്ടെന്ന് സ്ഫോടനമുണ്ടായില്ല. തുടർന്നാണ് ഒട്ടിപ്പിടിക്കുന്ന സ്റ്റിക്കി ബോംബുപയോഗിച്ച് സ്ഫോടനം നടത്തിയതെന്നും പരിശോധനയിൽ വ്യക്തമായി. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളിലും പ്രദേശത്തും നടത്തിയ തെരച്ചിലിലാണ് എകെ 47 തോക്കുപയോഗിച്ച് 36 റൗണ്ട് വെടിയുതിത്തുവെന്ന് കണ്ടെത്തിയത്. ചൈനീസ് സ്റ്റീൽ ബുള്ളറ്റാണ് ഇതിന് ഉപയോഗിച്ചത്. മൂന്നോ നാലോ പേരടങ്ങുന്ന ഭീകരരുടെ സംഘം ആക്രമണം നടത്തിയ ശേഷം മുൻകൂട്ടി പദ്ദതിയിട്ട വഴിയിലൂടെയാണ് വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. ആക്രമണം നടന്ന് മൂന്നാം ദിവസവും ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ഉത്തരമേഖലാ കമാൻഡർ ലഫ് ജന ഉപേന്ദ്ര ദ്വിവേദി ഭീകരാക്രമണം നടന്ന സ്ഥലവും പരിക്കേറ്റ സൈനികനെയും സന്ദർശിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന് ഉത്തരമേഖല കമാൻഡർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam