
മുംബൈ: യുവതിയെ ഭീഷണിപ്പെടുത്തി 19 ലക്ഷം തട്ടിയെടുത്ത യുട്യൂബറെ അറസ്റ്റ് ചെയ്തു. പ്രാങ്ക് വിഡിയോകളിലൂടെ പരിചിതനായ പ്രശസ്ത യൂട്യൂബർ പീയുഷ് കട്യാലാണ് ഡൽഹിയിൽ പിടിയിലായത്. യുവതി നോർത്ത് റീജിയൻ സൈബർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുട്യൂബിൽ 5 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന പീയുഷ് 5 മാസം മുൻപാണ് യുവതിയുമായി പരിചയത്തിലായത്. വിഡിയോകൾക്ക് താഴെ കമന്‍റ് ഇട്ട യുവതിയുമായി പീയുഷ് പരിചയത്തിലാവുകയായിരുന്നു. പിന്നീട് ഫോൺ നമ്പരുകളും സോഷ്യൽ മീഡിയ അക്കൌണ്ടുകലും ഫോളോ ചെയ്ത് ഇരുവരും അടുപ്പത്തിലായി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചികിത്സക്കാണെന്ന് പറഞ്ഞ് പീയുഷ് യുവതിയിൽ നിന്നും പണം കടം വാങ്ങി. പിന്നീട് പലപ്പോഴായി പണം ആവശ്യപ്പെട്ടു. പീയുഷിനെ വിശ്വസിച്ച് യുവതി പണം നൽകി. എന്നാൽ ആവശ്യങ്ങൾ പതിവായതോടെ യുവതി ഇനി പണം നൽകാനാവില്ലെന്ന് പറഞ്ഞു. ഇതോടെ പീയുഷിന്‍റെ സ്വഭാവം മാറി. 45 കാരിയായ യുവതി പണം നൽകില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ചാറ്റും ഫോൺ സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
ചാറ്റിംഗിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന്, ഘട്ടംഘട്ടമായി 19 ലക്ഷം രൂപ തട്ടിയെടുത്തു. വീണ്ടും ഭീഷണി തുടർന്നതോടെയാണ് യുവതി സൈബർ പൊലീസിൽ പരാതിപ്പെട്ടത്. യുവതിയുടെ പരാതിയിൽ കേസെടുത്ത സൈബർ പൊലീസ് പീയുഷിനെ ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യൂട്യൂബറെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കൂടുതൽ പേരെ ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണെന്നും ഡിസിപി കർഹാദ് പറഞ്ഞു. ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, പണമിടപാട് വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധിച്ചു വരികയാണ്.