
ദില്ലി: ജനതാദൾ യുണൈറ്റഡിന്റെ ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോറിനെ പുറത്താക്കി. ദേശീയ അദ്ധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ഉപദേശകനായിരുന്ന പവൻ വര്‍മയെയും പുറത്താക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരുവരും സ്വീകരിച്ച കടുത്ത നിലപാടും നേതാക്കള്‍ക്കെതിരെ നടത്തിയ പരസ്യ വിമര്‍ശനവുമാണ് കാരണം.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പ്രശാന്ത് കിഷോര്‍ ഉന്നയിച്ചത്. വിഷയത്തിൽ പരസ്യ പ്രതിഷേധം നടത്തിയതോടെ, ഇരുവരും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
എന്‍റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമം എന്നാണ് പ്രശാന്ത് കിഷോര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിമര്‍ശനത്തോട് പ്രതികരിച്ചത്. പ്രശാന്തിന് ജെഡിയുവില്‍ അംഗത്വം നല്‍കിയത് അമിത് ഷാ പറഞ്ഞിട്ടാണെന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്. ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ആളെ കേള്‍ക്കാതിരിക്കാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുകയെന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
പാര്‍ട്ടിയില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാന ഘടന മാനിക്കണം. പ്രശാന്ത് കിഷോര്‍ എങ്ങനെയണ് ജെഡിയുവില്‍ അംഗമായതെന്ന് അറിയാമോ ? അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് അമിത് ഷായാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. നാളുകളായി ഇരുവരും തമ്മില്‍ തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഇതോടെ മറനീക്കിപ്പുറത്തുവന്നത്.
ദില്ലിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധിക്കുന്നവരോടുള്ള എല്ലാ ദേഷ്യത്തോടെയും വോട്ടുചെയ്യണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിനെതിരെ നേരത്തെ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. ''ഫെബ്രുവരി എട്ടിന് ദില്ലിയില്‍ ഇവിഎം മെഷീനില്‍ സ്നേഹത്തോടെ വോട്ട് ചെയ്യണം. അത് ചെറിയ തോതില്‍ കറന്‍റ് ഉത്പാദിപ്പിക്കുന്നുണ്ട്, സാഹോദര്യവും സൗഹൃദവും നാശംവന്നുപോകരുത്'' എന്നായിരുന്നു പ്രശാന്തിന്‍റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam