'വേഗം ബയോഡാറ്റ അയയ്ക്കൂ, 10000 പേർക്ക് തൊഴിൽ ഉറപ്പ്'; സുപ്രധാന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

Published : Aug 12, 2026, 09:13 AM IST
prashant kishor victory

Synopsis

ബങ്കിപ്പൂരിൽ ബിജെപി ആധിപത്യം അവസാനിപ്പിച്ച് എംഎൽഎയായ പ്രശാന്ത് കിഷോർ, മണ്ഡലത്തിലെ യുവാക്കൾക്കായി വൻ തൊഴിൽ പദ്ധതി പ്രഖ്യാപിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നൽകുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

പറ്റ്ന: ബങ്കിപ്പൂരിൽ ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് എംഎൽഎ ആയതിന് പിന്നാലെ മണ്ഡലത്തിലെ യുവാക്കൾക്കായി വൻ തൊഴിൽ പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 10,000 യുവാക്കൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഇതിനായി മണ്ഡലത്തിലെ വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ യുവാക്കളുടെ ബയോഡാറ്റ ഓഫീസിലേക്ക് അയച്ചുനൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചൊവ്വാഴ്ച ബങ്കിപ്പൂരിൽ എത്തിയപ്പോഴാണ് പ്രശാന്ത് കിഷോർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വോട്ടർമാർക്ക് നന്ദി അറിയിച്ച് അദ്ദേഹം മണ്ഡലത്തിൽ പര്യടനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അഞ്ചോ ആറോ ദിവസം മണ്ഡലത്തിൽ ഉണ്ടായിരുന്നില്ലെന്ന വിമർശനങ്ങൾ മറുപടി നൽകിയ അദ്ദേഹം, താൻ എങ്ങും പോയിട്ടില്ലെന്നും ജനങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി. രാജ്യത്തുടനീളം വിവിധ കമ്പനികളുമായും വ്യക്തികളുമായുമുള്ള തന്റെ ബന്ധം ഉപയോഗപ്പെടുത്തി യോഗ്യരായ യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ ജോലി ഉറപ്പാക്കാനാണ് പദ്ധതിയിടുന്നതെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി.

എന്നാൽ സർക്കാർ ജോലി വാഗ്ദാനം ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത് കിഷോർ, തുടക്കത്തിൽ ചില യുവാക്കൾക്ക് ജോലി ആവശ്യത്തിനായി ബിഹാറിന് പുറത്തേക്ക് പോകേണ്ടി വരുമെന്നും ഓർമ്മിപ്പിച്ചു. അടുത്ത രണ്ട് വർഷത്തിനകം 10,000 കുടുംബങ്ങൾക്ക് പ്രയോജനം എത്തിക്കുകയാണ് തന്‍റെ പ്രധാന ലക്ഷ്യം. ഭാവിയിൽ ജൻ സുരാജ് പാർട്ടി ബിഹാറിൽ ഭരണത്തിൽ എത്തുകയാണെങ്കിൽ, യുവാക്കൾക്ക് ജോലി തേടി സംസ്ഥാനം വിടേണ്ടി വരില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.

ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ 19,324 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോർ ചരിത്ര വിജയം കുറിച്ചത്. പ്രശാന്ത് കിഷോർ 64,151 വോട്ടുകൾ നേടിയപ്പോൾ നീരജ് കുമാർ സിൻഹയ്ക്ക് 44,827 വോട്ടുകളാണ് ലഭിച്ചത്. ആർജെഡി സ്ഥാനാർത്ഥി രേഖാ ഗുപ്ത 14,273 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിഹാറിൽ ബിജെപിയുടെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നായ ബങ്കിപ്പൂരിൽ മൂന്ന് പതിറ്റാണ്ടായി തുടരുന്ന ആധിപത്യത്തിനാണ് പ്രശാന്ത് കിഷോറിന്‍റെ വിജയത്തോടെ അന്ത്യമായത്.

വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ മുന്നേറ്റം തുടർന്ന പ്രശാന്ത് കിഷോർ, ആകെയുള്ള 32 റൗണ്ടുകളിൽ 15-ാം റൗണ്ട് പിന്നിട്ടപ്പോഴേക്കും വിജയം ഉറപ്പിച്ചിരുന്നു. തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുമെന്നും രണ്ടുമൂന്ന് മാസത്തിനകം മണ്ഡലത്തിൽ ദൃശ്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നും അദ്ദേഹം ഉറപ്പുനൽകി. താൻ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് മാത്രം ബങ്കിപ്പൂർ ഒറ്റ രാത്രികൊണ്ട് ബെംഗളൂരു ആയി മാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എങ്കിലും ജനങ്ങൾക്ക് അനുഭവേദ്യമാകുന്ന വികസന മാറ്റങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്ന് ഉറപ്പു നൽകി. തൊഴിലവസരങ്ങൾക്ക് പുറമെ വിദ്യാഭ്യാസം, പ്രതിമാസം 1100 രൂപ പെൻഷൻ, ഭക്ഷ്യധാന്യ വിതരണം എന്നിവയാണ് മണ്ഡലത്തിനായി താൻ മുൻഗണന നൽകുന്ന മറ്റ് മൂന്ന് പ്രധാന കാര്യങ്ങളെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദക്ഷിണേന്ത്യയെ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും
പാർലമെൻ്റിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ പൂട്ടാൻ തയ്യാറെടുപ്പുമായി ഭരണപക്ഷം; സഭയിൽ ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം ചർച്ചയാക്കാൻ ആലോചന