
മുംബൈ: മുംബൈയിലെ ജെജെ ആശുപത്രിയിൽ നിന്ന് ഗർഭിണിയായ ബംഗ്ലാദേശി വനിതയെ കാണാതായി. കൃത്യമായ രേഖകളൊന്നും ഇല്ലാതെ രാജ്യത്തേക്ക് കടന്നതിനെ തുടർന്ന് പൊലീസ് പിടിയിലായി ജയിലിൽ കഴിയുകയായിരുന്നു ഇവർ. ചികിത്സാർത്ഥം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരെ കാണാതായത്.
റുബിന ഇർഷാദ് ഷെയ്ഖ് എന്നാണ് കാണാതായ സ്ത്രീയുടെ പേര്. ഇവർക്ക് 25 വയസാണ് പ്രായമെന്ന് മുംബൈ പൊലീസ് പറയുന്നു. ഓഗസ്റ്റ് ഏഴിന് മുംബൈയിലെ വാഷിയിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ഇന്ത്യൻ പാസ്പോർട്ടായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇതേ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഐപിസി, പാസ്പോർട്ട് ആക്ട്, ഫോറിനേർസ് ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് ഇവരെ മുംബൈയിലെ ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 11 ന് പനി, ജലദോഷം ത്വക് രോഗം എന്നിവയെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് മാസം ഗർഭിണിയാണ് ഇവർ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഓഗസ്റ്റ് 14 ന് ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെ തള്ളിയിട്ട് ആശുപത്രിയിലെ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറിയ ഇവരെ പിന്നീട് കണ്ടെത്താനായില്ല. മുംബൈയിലെ ആശുപത്രിയിൽ യുവതിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam