ഒന്നര മിനിറ്റിൽ ഒരു ആന്റി വെനം ഇഞ്ചക്ഷൻ; മൂ‌ർഖൻ കടിച്ച കുട്ടിയെ രക്ഷിക്കാൻ 2 മണിക്കൂറിൽ നൽകിയത് 76 കുത്തിവെപ്പുകൾ

Published : Aug 16, 2025, 09:26 AM IST
snake bite rescue

Synopsis

വിറക് ശേഖരിക്കുന്നതിനിടെ പാമ്പുകടിയേറ്റ പതിനഞ്ചുകാരനെ 76 വിഷപ്രതിരോധ മരുന്നുകൾ നൽകി രക്ഷിച്ചു. കനൗജ് ജില്ലാ ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ നില ഇപ്പോൾ തൃപ്തികരമാണ്.

കനൗജ് (ഉത്തർപ്രദേശ്): വിറക് ശേഖരിക്കുന്നതിനിടെ പാമ്പുകടിയേറ്റ പതിനഞ്ചുകാരനെ രക്ഷിച്ച് ഡോക്ടർമാർ. രണ്ട് മണിക്കൂറിനുള്ളിൽ 76 വിഷപ്രതിരോധ മരുന്ന് കുത്തിവെപ്പുകൾ നൽകിയതിനെ തുടർന്നാണ് കരൺ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. വെള്ളിയാഴ്ച കനൗജ് ജില്ലാ ആശുപത്രിയിലാണ് ഈ അത്ഭുതകരമായ സംഭവം നടന്നത്. ഉദയ്‌പൂർ ഗ്രാമത്തിൽ വിറക് ശേഖരിക്കുമ്പോഴാണ് കരണിനെ മൂർഖൻ പാമ്പ് കടിച്ചത്.

കരണിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വടികൾ ഉപയോഗിച്ച് പാമ്പിനെ തല്ലിക്കൊന്നു. തുടർന്ന് കരണിനെയും ചത്ത പാമ്പിനെയും ഒരു പെട്ടയിലാക്കി സഹോദരനും അമ്മാവനും ചേർന്ന് മോട്ടോർ സൈക്കിളിൽ കനൗജ് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പാമ്പിനെ തിരിച്ചറിയാനാണ് അവർ ചത്ത പാമ്പിനെ കൂടെക്കൊണ്ടുപോയത്. ആശുപത്രിയിലെത്തുമ്പോൾ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ആദ്യം ഡോക്ടർ രണ്ട് ഡോസ് ആന്റി-വെനം കുത്തിവെപ്പുകൾ നൽകി.

പക്ഷേ, മാറ്റമൊന്നും ഉണ്ടായില്ല. തുടർന്ന് ഓരോ ഒന്നര മിനിറ്റിലും ഒരു കുത്തിവെപ്പ് എന്ന കണക്കിൽ, രണ്ട് മണിക്കൂറിനുള്ളിൽ ആകെ 76 കുത്തിവെപ്പുകൾ നൽകിയെന്ന് ഡോക്ടർ വിശദീകരിച്ചു. കുട്ടിയുടെ ഓക്സിജൻ നില സ്ഥിരമായി നിലനിർത്താനും ശ്രദ്ധിച്ചുവെന്ന് കുട്ടിയെ ചികിത്സിച്ച എമർജൻസി മെഡിക്കൽ ഓഫീസർ ഡോ. ഹരി മാധവ് യാദവ് പറഞ്ഞു. ആദ്യം പ്രതികരിക്കാതിരുന്ന കരണിൻ്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് കരണിൻ്റെ സഹോദരൻ പറഞ്ഞു. ആശുപത്രിയിൽ ആവശ്യത്തിന് ആന്റി-സ്നേക്ക് വെനം കുത്തിവെപ്പുകൾ ലഭ്യമാണ്. കൃത്യസമയത്തെ ഇടപെടലാണ് നിർണായകമായതെന്ന് ഡോ. യാദവ് കൂട്ടിച്ചേർത്തു. കരൺ ഇപ്പോൾ നിരീക്ഷണത്തിലാണ്, പൂർണ്ണമായി സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര്‍ ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്