കാർഷിക പരിഷ്കാരങ്ങള്‍ നിയമമായി, രാഷ്ട്രപതി ഒപ്പു വച്ചു, പ്രതിപക്ഷ ആവശ്യം തള്ളി

By Web TeamFirst Published Sep 27, 2020, 6:22 PM IST
Highlights

ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി തള്ളി.

ദില്ലി: രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കാർഷിക പരിഷ്കാര ബില്ലിൽ രാഷ്ട്രപതി ഒപ്പു വച്ചു. ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. 

പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധം ശക്തമായെങ്കിലും ഒടുവിൽ മൂന്ന് ബില്ലുകളും നിയമമായിരിക്കുകയാണ്. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ബില്ലുകള്‍ പാസാക്കുമ്പോള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട അംഗങ്ങള്‍ സീറ്റിലില്ലായിരുന്നുവെന്ന രാജ്യസഭ ഉപാധ്യക്ഷന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രപതിക്ക് കൈമാറാനിരിക്കേ കൂടിയാണ് നടപടി. പുതിയ കാര്‍ഷിക ബില്ലുകൾ കര്‍ഷകരെ കൂടുതൽ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൻ കി ബാത്തിലൂടെ ആവ‌‌ർത്തിച്ചിരുന്നു.

നിയമം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഇനി ‌കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിനിടെയാണ് ബില്ലിനെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. തടസങ്ങളില്ലാതെ  കര്‍ഷകര്‍ക്ക് എവിടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും  ഇടനിലക്കാരില്ലാതെ കൂടുതല്‍ ലാഭം നേടാമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അവകാശപ്പെട്ടു.

കര്‍ഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാര്‍ടികളും  പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. നാളെ കോണ്‍ഗ്രസ് രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടത്തും. പഞ്ചാബിലടക്കം കിസാന്‍ മസ്ദൂര്‍ സമരസമിതി ട്രെയിന്‍ തടഞ്ഞ് പ്രതിേഷേധം തുടരുകയാണ്. 

കാ‍‌‍ർ‍ഷിക ബില്ലുകൾ

കാര്‍ഷിക വിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020 , വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാര്‍ഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമഭേദഗതി ബില്ല് 2020 എന്നീ മൂന്ന് ബില്ലുകളാണ് നിലവിലെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണം

പുതിയ പരിഷ്കാരങ്ങൾക്കെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്. കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകൾക്ക് അടിയറ വക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെയടക്കം ആരോപണം. ബിജെപിയുടെ എറ്റവും പഴയ സഖ്യകക്ഷി ശിരോമണി അകാലിദൾ നീക്കത്തിൽ പ്രതിഷേധിച്ച് മന്ത്രിയെ വരെ രാജിവെപ്പിക്കുകയും മുന്നണി വിടുകയും വരെ ചെയ്തു.

ആദ്യത്തെ രണ്ട് ബില്ലുകൾ അതീവ നാടകീയമായാണ് രാജ്യസഭയിലും ലോക്സഭയിലും കേന്ദ്രസർക്കാര്‍ പാസാക്കിയെടുത്തത്. ഇടനിലക്കാർ ഇല്ലാത്ത വിപണിയും വിൽപ്പന സ്വാതന്ത്യവും. വിലപേശൽ ശേഷിയുമൊക്കെ ഉറപ്പാക്കാനാണ് പുതിയ പരിഷ്കരണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. പക്ഷേ, കൊവിഡ് പ്രതിസന്ധിക്കിടെ തിരക്കിട്ട് പാസാക്കിയെടുത്ത രീതിയടക്കം വിമ‌ശിക്കപ്പെടുന്നു. 
 

President gives his assent to the three :
▪️Farmers' Produce Trade and Commerce (Promotion and Facilitation) Bill, 2020
▪️Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill, 2020
▪️Essential Commodities (Amendment) Bill 2020 pic.twitter.com/PmjG4jNopC

— All India Radio News (@airnewsalerts)
click me!