
ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ (presidential election)പ്രതിപക്ഷ പാർട്ടികളുടെ(opposition parties) സ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി(gopal krishna gandhi) എത്തിയേക്കും. ഗോപാൽകൃഷ്ണ ഗാന്ധിയുമായി ശരത് പവാർ സംസാരിച്ചു. സമവായം ഉണ്ടെങ്കിൽ മത്സരിക്കാം എന്ന സൂചനയാണ് ഗോപാൽകൃഷ്ണ ഗാന്ധി നൽകിയത്. ഇതിനിടെ നവീൻ പട്നായിക്കിൻറെ പിന്തുണയും ശരദ്പവാർ തേടിയിട്ടുണ്ട്. നാളെ രണ്ടരയ്ക്ക് പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാക്കൾ അറിയച്ചു
രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷം പരിഗണിച്ചിരുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കി. ജമ്മു കശ്മീർ മോശം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ തന്റെ സാന്നിധ്യം അവിടെ ആവശ്യമാണ്. തന്റെ പേര് മുന്നോട്ടുവെച്ച മമതാ ബാനർജിക്കും മുതിർന്ന നേതാക്കൾക്കും നന്ദിയെന്നും ഫറൂഖ് അബ്ദുള്ള അറിയിച്ചു.
പ്രതിപക്ഷം പ്രധാനമായും പരിഗണിച്ചിരുന്ന എൻസിപി നേതാവ് ശരത് പവാർ നേരത്തെ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. സമവായ സ്ഥാനാർത്ഥി എന്നതിൽ ബിജെപിയിൽ നിന്ന് അനുകൂല നീക്കം ഇല്ലാതിരുന്നതും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പവാറിന്റെ പിന്മാറ്റം. തന്നെ നേരിൽ സന്ദർശിച്ച സീതാറാം യെച്ചൂരിയെയും ഡി.രാജയെയും പവാർ നിലപാട് അറിയിക്കുകയായിരുന്നു. പകരം ഗുലാം നബി ആസാദിന്റെ പേര് അദ്ദേഹം നിർദേശിച്ചിരുന്നു. പിന്നീട് രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ മമതാ ബാനർജി വിളിച്ച യോഗത്തിലും പവാർ നിലപാട് അറിയിച്ചു. ശരത് പവാറിന്റെ പിന്മാറ്റത്തോടെ, സജീവ പരിഗണനയിൽ ഉണ്ടായിരുന്നത് ഫറൂഖ് അബ്ദുള്ളയുടെയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും യശ്വന്ത് സിൻഹയുടെയും പേരുകളായിരുന്നു. ഫറൂഖ് അബ്ദുള്ള കൂടി പിൻവാങ്ങിയതോടെ ഗോപാൽകൃഷ്ണ ഗാന്ധിയിലേക്ക് പ്രതിപക്ഷം എത്തുകയായിരുന്നു
രാഷ്ട്രപതി സ്ഥാനാർത്ഥിയെ ചർച്ച ചെയ്യാൻ മമത ബാനർജി വിളിച്ച യോഗത്തിൽ, 17 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുത്തത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആർഎസ്‍പി, സമാജ്‍വാദി പാർട്ടി, ആർഎൽഡി, ശിവസേന, എൻസിപി, ഡിഎംകെ, പിഡിപി, എൻസി, ആർജെഡി, ജെഡിഎസ്, ജെഎംഎം, സിപിഐഎംഎൽ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ടിആർഎസ്, ബിജെഡി, എഎപി, അകാലിദൾ പാർട്ടികൾ യോഗത്തിന് എത്തിയിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam