
ദില്ലി; ഭീകരവാദം അടക്കമുള്ള വിഷയത്തിൽ വലിയ നയതന്ത്ര വിജയം നേടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ നിന്ന് മടങ്ങുന്നത്. ഇന്ത്യയോടുള്ള ചൈനീസ് നിലപാടിലെ മാറ്റത്തിന് ഷാങ്ഹായി ഉച്ചകോടിക്കിടെയുള്ള ചർച്ചകൾ ഇടയാക്കി. ഇന്ത്യ - ചൈന ബന്ധത്തിൽ അതേ സമയം പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത പ്രകടമായി. നരേന്ദ്ര മോദി ചൈനയ്ക്കു മുന്നിൽ മുട്ടുമടക്കിയെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ ഇന്ത്യ - ചൈന - റഷ്യ സൗഹൃദത്തെ ഏവരും സ്വാഗതം ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആവശ്യപ്പെട്ടു.
ആദ്യം ജപ്പാനിലേക്കും പിന്നീട് ചൈനയിലേക്കും നരേന്ദ്ര മോദി നടത്തിയ യാത്ര വലിയ വിജയമായതിന്‍റെ ആവേശത്തിലാണ് കേന്ദ്ര സർക്കാർ. ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചു തുടങ്ങിയിരുന്നു. എന്നാൽ വ്യാപാര രംഗത്തെ സമ്മർദത്തെ ഒന്നിച്ചെതിർക്കാനുള്ള ധാരണയാണ് മോദി നടത്തിയ കൂടിക്കാഴ്ചകളിലുണ്ടായത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കൂട്ടാം എന്ന് ജപ്പാനും ചൈനയും റഷ്യയും അറിയിച്ചു. അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇത് പകരമാകില്ലെങ്കിലും ട്രംപിന് ശക്തമായ സന്ദേശം നല്കാൻ ഇത് സഹായിക്കുമെന്ന് ഇന്ത്യ കരുതുന്നു. സാധാരണ പാകിസ്ഥാനെതിരായ ഏതു നിലപാടിനെയും ചൈന അന്താരാഷ്ട്ര വേദികളിൽ എതിർക്കുന്നതാണ്. എന്നാൽ ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ പ്രസ്താവനയിൽ ഇന്ത്യയുടെ നിർദേശങ്ങൾ ഉൾപ്പെടുത്താൻ ചൈന തയ്യാറായി. അമേരിക്ക ഈ പുതിയ ചേരിയോട് എങ്ങനെ പ്രതികരിക്കുമെന്ന് വൈകാതെ അറിയാനാകും. ട്രംപിൻറെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ഇന്ത്യയിലെ ബ്രാഹ്മണരാണ് നേട്ടം ഉണ്ടാക്കുന്നത് എന്ന് പരാമർശിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ചൈനയോട് ഇന്ത്യ മുട്ടു മടക്കി എന്നാണ് കോൺഗ്രസ് പ്രതികരണം. ഇന്ത്യയുടെ ചൈനയും ഒരേ പോലെ ഭീകരവാദത്തിൻറെ ഇരകളാണെന്ന് പ്രധാനമന്ത്രി എന്തിന് പറഞ്ഞെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് ചൈന സഹായം നല്കിയതിൽ മോദി മൗനം പാലിച്ചെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അതേ സമയം ഇന്ത്യ ചൈന റഷ്യ സൗഹൃദത്തെ എതിർക്കുന്ന നിലപാട് ശരിയല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ട്രംപിൻറെ തീരുവ നല്കിയ രാഷ്ട്രീയ തിരിച്ചടി ടിയാൻജിനിൽ നടത്തിയ ചർച്ചകളിലൂടെ മറികടക്കാൻ മോദിക്കു കഴിഞ്ഞു. കർഷക താല്പര്യം സംരക്ഷിക്കാനാണ് അമേരിക്കൻ തീരുവയെ എതിർക്കുന്ന ചേരിക്ക് ഇന്ത്യ രൂപം നല്കുന്നതെന്ന പ്രചാരണം ബീഹാറിലടക്കം ശക്തമാക്കാനാകും ബിജെപി ഇനി ശ്രമിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam