ഭാരത് ജോഡോ യാത്രയിൽ സോണിയക്ക് പിന്നാലെ ആവേശം പകരാൻ ഇന്ന് പ്രിയങ്കയും എത്തുന്നു

By Web TeamFirst Published Oct 7, 2022, 12:24 AM IST
Highlights

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ പങ്കെടുത്ത് സോണിയാ ഗാന്ധി

ബംഗളൂരു:  രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ പങ്കെടുത്ത് സോണിയാ ഗാന്ധി. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോ‍‍ഡോ യാത്ര.

അവശത മറന്ന് നാലര കിലോമീറ്റര്‍ ദൂരം സോണിയ ഗാന്ധി നടന്നു. രാഹുലിനൊപ്പം  അഭിവാദ്യം ചെയ്തുള്ള പദയാത്ര പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഭിന്നത മറന്ന് ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയും യാത്രിയില്‍ അണിനിരന്നു.  കര്‍ണാടകയല്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഭാരത് ജോഡോ യാത്ര. 

കര്‍ണാടക സ്വദേശിയായ ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് നേതൃത്വം അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മെസുരുവിൽ തങ്ങിയ സോണിയ ഗാന്ധി തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. 

ഒന്നിച്ച് പോകണമെന്ന കർശന നിർദ്ദേശമാണ് സിദ്ധരാമയ്യക്കും ശിവകുമാറിനും കോൺഗ്രസ് അധ്യക്ഷ നൽകിയത് .രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കാൻ നടത്തുന്ന യാത്ര കര്‍ണാടക കോണ്‍ഗ്രസിലെയും ഭിന്നത പരിഹരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലൂടെ നടന്ന പദയാത്രയ്ക്ക് കേരളത്തിലേത് പോലെ മികച്ച ജനപങ്കാളിത്തമാണ് കാണുന്നത്. വരും ദിവസങ്ങളില്‍ ബിജെപി ഭരണമുള്ള മേഖലയിലൂടെയാണ് ഭാരത് ജോഡോ യാത്ര.  

Read more: ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം; മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചു

കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺ​ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.

click me!