
ബെംഗളൂരു: സംസ്ഥാനത്തെ ഐടി കമ്പനികളിൽ കന്നഡിഗർക്ക് തൊഴിലവസരം ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ പ്രചാരണം ആരംഭിച്ചു. ബെംഗളൂരുവിലടക്കുള്ള വിവിധ ഐടി പാർക്കുകളിലും കമ്പനികളിലും കർണാടക സ്വദേശികൾക്കും തൊഴിൽ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ(കെആർവി)യുടെ നേതൃത്വത്തിൽ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കെആർവി പ്രവർത്തകർ ബെംഗളൂരുവിലടക്കമുള്ള വിവിധ ഐടി പാർക്കുകളും കമ്പനികളും സന്ദർശിച്ച് നിവേദനം കൈമാറി.
കെആർവി സംസ്ഥാന അധ്യക്ഷൻ ടി എ നാരായണ ഗൗഡയുടെ നേതൃത്വത്തിലാണ് കന്നഡിഗർക്ക് ഐടി കമ്പനികളിൽ ജോലി ആവശ്യപ്പെട്ടുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഒരുമാസം നീളുന്ന ഈ പ്രചാരണത്തിന് കന്നഡ രാജ്യോത്സവ ദിനമായ നവംബർ ഒന്നിനാണ് തുടക്കമായത്. സംസ്ഥാനത്തെ സ്വകാര്യ കമ്പനികളിൽ കർണാടക സ്വദേശികൾക്ക് വലിയരീതിയിലുള്ള പ്രാതിനിധ്യം ലഭിക്കണമെന്നതാണ് കന്നഡ അനുകൂല സംഘടനകളുടെ ആവശ്യം.
കന്നഡ അനുകൂല സംഘടനകൾ ഐടി കമ്പനികളിൽ നേരിട്ട് സന്ദർശനം നടത്തി ഇത്തരം പ്രചാരണം നടത്തരുതെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ അഭ്യർഥിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ ചർച്ചകളിലൂടെയും നിയമപരമായ ചട്ടക്കൂടുകൾ രൂപീകരിച്ചുമാണ് പരിഹരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കന്നഡിഗരുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിയാണ് കെആർവി പ്രവർത്തകർ ഐടി കമ്പനികളിൽ സന്ദർശനം ആരംഭിച്ചത്.
കെആർവി നേതാക്കളും പ്രവർത്തകരും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് വിവിധ സ്വകാര്യ കമ്പനികളിൽ എത്തിയത്. മാനേജ്മെന്റ് പ്രതിനിധികളെ നേരിട്ടുകണ്ട സംഘങ്ങൾ ഇവർക്ക് നിവേദനവും കൈമാറി. കമ്പനിയിൽ ആകെ ജോലിചെയ്യുന്നവരുടെ എണ്ണവും ഇതിൽ കർണാടക സ്വദേശികളുടെ എണ്ണവും നൽകണമെന്നും കെആർവി പ്രവർത്തകർ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തെ റിക്രൂട്ട്മെന്റ് നടപടികളുടെ വിശദാംശങ്ങളും സംഘടന കമ്പനികളിൽനിന്ന് തേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam