
ദില്ലി : വിദ്യാർത്ഥികളടക്കം നൽകിയ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഫോണിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ആശ്രമത്തിലെ വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള യുവതികളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇയാളുടെ ഫോണിൽ സൂക്ഷിച്ചിരുന്നതായാണ് ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത്.
ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ ഡയറക്ടർ ആയിരുന്ന സമയത്ത് നിരവധി പെൺകുട്ടികളെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. 17 പെൺകുട്ടികൾ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ആശ്രമത്തിലെ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി രാത്രികാലങ്ങളിൽ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്താനും വിദേശയാത്രകൾക്ക് നിർബന്ധിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായാണ് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. വനിതാ ഹോസ്റ്റലിൽ രഹസ്യ കാമറകൾ സ്ഥാപിച്ചതായും സിസിടിവി ദൃശ്യങ്ങൾ മൊബൈൽ വഴി നിരീക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ, ഇയാളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.
ഡൽഹിയിലെ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിൽ ഡയറക്ടർ ആയിരുന്ന ചൈതന്യാനന്ദ സരസ്വതി ലൈംഗിക പീഡന ആരോപണം ഉയർന്നതിന് പിന്നാലെ ഒളിവിൽ പോയി. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ആഗ്രയിൽ നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് നിരവധി യുവതികളുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ടുകളായി കണ്ടെത്തിയത്.