
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഭരണത്തിൽ സുതാര്യത ഉറപ്പാക്കിക്കൊണ്ട് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. തമിഴ്‌നാട് നേരിടുന്ന 10 ലക്ഷം കോടിയിലധികം രൂപയുടെ കടബാധ്യത പരസ്യമായി ജനങ്ങളോട് തുറന്നുപറയുമെന്നും ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് വിജയ് ഭരണം ആരംഭിച്ചത്. ഈ സുതാര്യത ഇപ്പോൾ സംസ്ഥാനത്തിന്‍റെ ഖജനാവിന് വൻ ലാഭമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്.
അധികാരമേറ്റ് വെറും ഒരു മാസത്തിനുള്ളിൽ തന്നെ പൊതുമരാമത്ത് പോലുള്ള വലിയ തുക ചെലവഴിക്കുന്ന മേഖലകളിൽ ഈ മാറ്റം ദൃശ്യമായിത്തുടങ്ങി. മുൻപ് നിലനിന്നിരുന്ന മുൻകൂട്ടി നിശ്ചയിച്ചതോ അല്ലെങ്കിൽ പരിമിതപ്പെടുത്തിയതോ ആയ ടെൻഡർ രീതികൾ അവസാനിപ്പിച്ച്, എല്ലാ സിവിക് കരാറുകളും ഓപ്പൺ കോമ്പറ്റിറ്റീവ് ബിഡ്ഡിംഗിലേക്ക് (തുറന്ന മത്സര ടെൻഡർ) മാറ്റാൻ വിജയ് ഉത്തരവിട്ടിരുന്നു. കരാറുകൾക്ക് പിന്നിലെ അഴിമതിയും കമ്മീഷൻ സംസ്കാരവും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം
പാതിവിലയ്ക്ക് കരാറുകൾ; ഖജനാവിന് വൻ ലാഭം
'ദി ടൈംസ് ഓഫ് ഇന്ത്യ' ജൂൺ 28ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ചെന്നൈ കോർപ്പറേഷൻ പരിധിയിലെ റോഡ് പുനരുദ്ധാരണ ജോലികൾക്കായി കരാറുകാർ സമർപ്പിച്ച ടെൻഡർ തുകകൾ ഔദ്യോഗിക കണക്കുകളേക്കാൾ 25 മുതൽ 30 ശതമാനം വരെ കുറവാണ്. മുൻകാലങ്ങളിൽ ഔദ്യോഗിക കണക്കുകളേക്കാൾ ഉയർന്ന തുകയ്ക്കാണ് കരാറുകൾ നൽകിയിരുന്നത് എന്ന സ്ഥാനത്താണിത്.
അമ്പത്തൂർ മേഖലയിൽ 25 ലക്ഷം രൂപ കണക്കാക്കിയ ഒരു റോഡ് നിർമ്മാണ പ്രോജക്റ്റിനായി 9 കരാറുകാർ പങ്കെടുത്തു. ഇതിൽ വിജയിച്ച കരാറുകാരൻ ഔദ്യോഗിക കണക്കിനേക്കാൾ 25.9 ശതമാനം കുറഞ്ഞ തുകയാണ് രേഖപ്പെടുത്തിയത്. അതായത് 25 ലക്ഷത്തിന്‍റെ പ്രോജക്റ്റ് വെറും 17 ലക്ഷം രൂപയ്ക്ക് നടപ്പിലാക്കാൻ സാധിച്ചു. ഒരൊറ്റ ടെൻഡറിലൂടെ മാത്രം കോർപ്പറേഷന് 9 ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞു. തൊണ്ടിയാർപേട്ടിൽ 30 ലക്ഷത്തിന്റെ പ്രോജക്റ്റിന് 25 ശതമാനം കുറഞ്ഞ തുകയിലും, ഷോളിംഗനല്ലൂരിൽ കണക്കാക്കിയ തുകയേക്കാൾ 36 ശതമാനം വരെ കുറഞ്ഞ നിരക്കിലുമാണ് കരാറുകാർ ടെൻഡർ വിളിച്ചത്.
മുൻ സർക്കാരുകളുടെ കാലത്ത് പ്രോജക്റ്റുകളുടെ ബജറ്റ് എത്രത്തോളം വർദ്ധിപ്പിച്ചാണ് കാണിച്ചിരുന്നത് എന്ന് ഈ മാറ്റം വ്യക്തമാക്കുന്നുവെന്ന് ചെന്നൈ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് രാമറാവു പറഞ്ഞു. മുൻപ് 25 ലക്ഷത്തിന്‍റെ ടെൻഡർ 27.5 ലക്ഷത്തിനാണ് കരാറുകാർ എടുത്തിരുന്നതെങ്കിൽ, ഇന്ന് അതേ ജോലി 16 ലക്ഷം രൂപയ്ക്ക് ചെയ്യാൻ അവർ തയ്യാറാകുന്നു. മുൻപ് എങ്ങനെയാണ് 35-40 ശതമാനം തുക അധികമായി കണക്കാക്കാൻ ഉദ്യോഗസ്ഥർ അനുവാദം നൽകിയത് എന്ന് ചോദ്യം ചെയ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട് പൊതുമരാമത്ത്-കായിക വികസന മന്ത്രി ആധവ് അർജുനയും മുൻ സർക്കാരുകൾക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. മുൻ ഭരണകാലത്ത് കരാറുകൾ നൽകുന്നതിൽ ആസൂത്രിതമായ ചട്ടലംഘനങ്ങളും കൈക്കൂലിയും നടന്നിട്ടുണ്ടെന്നും, പല കോൺട്രാക്ടർമാരിൽ നിന്നും പണം വാങ്ങി ഒടുവിൽ ജോലി നൽകാതെ വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു. വിജയ് സർക്കാരിൽ കരാറുകാരിൽ നിന്ന് കമ്മീഷനോ കൈക്കൂലിയോ വാങ്ങില്ലെന്നും ഹൈവേ കരാറുകൾ പൂർണ്ണമായും സുതാര്യമായിരിക്കുമെന്നും അദ്ദേഹം ജൂൺ 6-ന് തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയ്ക്ക് തന്നെ മാതൃകയെന്ന് വിദഗ്ദ്ധർ
വിജയ് സർക്കാരിന്‍റെ ഈ അഴിമതി വിരുദ്ധ നീക്കങ്ങൾ തമിഴ്‌നാട്ടിൽ വലിയ ചർച്ചയായിരിക്കുകയാണ്. മുൻപ് നിലനിന്നിരുന്ന 40 ശതമാനം കമ്മീഷൻ സംസ്കാരം ഇല്ലാതാക്കാൻ വിജയ്ക്ക് സാധിച്ചാൽ അത് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ഭരണാധികാരികൾക്കും ഒരു പുതിയ മാതൃകയായി മാറുമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ വെങ്കിടേശ്വര റാവു പടകോട അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിലെ ജനങ്ങൾ പണം വാങ്ങാതെ വോട്ട് ചെയ്തതിന്റെ ഗുണമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
സ്വകാര്യ വ്യക്തികളുടെ പോക്കറ്റുകളിലേക്ക് പണം പോകാത്തതുകൊണ്ടാണ് കരാറുകാർ ഇപ്പോൾ 25-30 ശതമാനം കുറഞ്ഞ തുകയ്ക്ക് ടെൻഡർ വിളിക്കാൻ തയ്യാറാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ മുതുകൃഷ്ണൻ ദണ്ഡപാണി ചൂണ്ടിക്കാട്ടി. അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ കാമ്പെയ്നുകൾ, സ്ത്രീ സുരക്ഷ എന്നിവയിലൂടെ വിജയ് തമിഴ്‌നാട് ഭരണത്തിൽ തികച്ചും പുതിയൊരു മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജോർജ്ജ് വിലയിരുത്തി.
കുറഞ്ഞ തുകയ്ക്ക് കരാറുകൾ നൽകുമ്പോഴും നിർമ്മാണത്തിന്റെ ഗുണനിലവാരം ചോർന്നുപോകാതെ കൃത്യസമയത്ത് പൂർത്തിയാക്കുക എന്നതാണ് വിജയ് സർക്കാരിന് മുന്നിലുള്ള അടുത്ത പ്രധാന വെല്ലുവിളി. എങ്കിലും, ഭരണത്തിന്റെ ആദ്യ മാസത്തിൽ തന്നെ സുതാര്യമായ ടെൻഡർ പ്രക്രിയയിലൂടെ കോടികളുടെ പൊതുപണം ലാഭിക്കാൻ കഴിഞ്ഞത് വിജയ് സർക്കാരിന്റെ വലിയൊരു വിജയമായി വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam