
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യൂസർ ഫീ വർദ്ധിപ്പിക്കാൻ നിർദേശം. മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (എംഐഎഎൽ) ആണ് ഛത്രപതി ശിവാജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ടിലെ യൂസർ ഫീ വർദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള യൂസർ ഫീസ് 650 രൂപയായി വർദ്ധിപ്പിക്കാൻ നിർദേശിച്ചു. ആഭ്യന്തര യാത്രക്കാർക്ക് 325 രൂപ യൂസർ ഫീ എന്ന നിർദേശവും മുന്നോട്ടുവച്ചു. നിലവിൽ ആഭ്യന്ത യാത്രക്കാർക്ക് യൂസർ ഫീസ് ഇല്ല. യൂസർ ഫീസ് പരിഷ്കരണത്തിനായി എംഐഎഎൽ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിക്ക് നിർദേശം സമർപ്പിച്ചു.
അടിസ്ഥാന സൗകര്യ വികസനം, നവീകരണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി വിമാനത്താവള ഓപ്പറേറ്റർമാരുടെ പേരിൽ വിമാന കമ്പനികളാണ് യൂസർ ഫീസ് ഈടാക്കുന്നത്. രാജ്യത്ത് നിലവിൽ ഏറ്റവും കുറഞ്ഞ യൂസർ ഫീ ഈടാക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈ. ഇന്‍റർനാഷണൽ യാത്രക്കാർക്ക് 187 രൂപയാണ് നിലവിൽ ഈടാക്കുന്നത്.
യൂസർ ഫീ വർദ്ധന ബാലൻസ് ചെയ്യാൻ എയർലൈൻ ലാൻഡിംഗ്, പാർക്കിംഗ് ചാർജുകളിൽ 35 ശതമാനം കുറവ് വരുത്താനും മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിർദേശിക്കുന്നു. അതേസമയം വിമാന നിരക്കിലെ വർദ്ധന വിമാന കമ്പനികളെ ആശ്രയിച്ചിരിക്കും. അവയ്ക്ക് സ്വയം അധിക ചെലവ് വഹിക്കാനോ യാത്രക്കാരിൽ നിന്ന് പുതിയ യൂസർ ഫീ ഈടാക്കാനോ കഴിയും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾക്കായി 10,000 കോടി രൂപ വകയിരുത്താനാണ് തീരുമാനം. പുതുക്കിയ താരിഫ് ഘടനയിലൂടെ 7,600 കോടി രൂപ തിരിച്ചുപിടിക്കാനാവുമെന്ന് മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം