കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുട്ട നല്‍കണമെന്ന് മന്ത്രി; മധ്യപ്രദേശ് ബിജെപി വെട്ടില്‍

By Web TeamFirst Published Sep 2, 2020, 9:48 PM IST
Highlights

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ഇമര്‍ത ദേവി ഇതേ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, അന്ന് ബിജെപി നിര്‍ദേശത്തെ ശക്തിയായി എതിര്‍ത്തു.
 

ഭോപ്പാല്‍: കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരമായി മുട്ട നല്‍കണമെന്ന വാദത്തില്‍ ഉറച്ച് മധ്യപ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി ഇമര്‍തി ദേവി. അംഗന്‍വാടികളിലൂടെ മുട്ട വിതരണം ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ഇമര്‍തി ഇതേ തീരുമാനമെടുത്തപ്പോള്‍ ബിജെപി നിശിത വിമര്‍ശനമുന്നയിച്ചിരുന്നു. പാര്‍ട്ടി മാറി ബിജെപിയിലെത്തി മന്ത്രി സ്ഥാനം നിലനിര്‍ത്തിയപ്പോഴും ഇമര്‍ത് ദേവി ആവശ്യത്തില്‍ നിന്ന് പിന്മാറിയില്ല. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ഇമര്‍ത ദേവി ഇതേ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, അന്ന് ബിജെപി നിര്‍ദേശത്തെ ശക്തിയായി എതിര്‍ത്തു. 

ഇമര്‍ത് ദേവിക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും എന്നാല്‍, ജനങ്ങളുടെ വികാരം മാനിച്ച് മാത്രമായിരിക്കും ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും വക്താവ് വിജയവര്‍ഗിയ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യം പ്രധാനമാണെന്നും താല്‍പര്യമുള്ളവര്‍ക്ക് മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്നുമാണ് ഇമര്‍ത് ദേവി വ്യക്തമാക്കി.

നേരത്തെ, 2015ലും ഇതേ നിര്‍ദേശം ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. താന്‍ മുഖ്യമന്ത്രിയായി തുടരുന്നയിടത്തോളം കാലം അംഗന്‍വാടികളിലൂടെ മുട്ട വിതരണം ചെയ്യില്ലെന്ന് അന്ന് ചൗഹാന്‍ പറഞ്ഞിരുന്നു. മന്ത്രി ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചതില്‍ ബിജെപിയുടെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ടെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. 

click me!