ഒരാഴ്ചയ്ക്കിടെ 69 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന: തമിഴ്നാട്ടിൽ പ്രതിഷേധമിരമ്പുന്നു

By Asianet MalayalamFirst Published Dec 21, 2021, 1:48 PM IST
Highlights

ഇന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ ജയിലിലായിട്ടും കേന്ദ്രസർക്കാർ ഇടപെടുന്നില്ലെന്ന പരാതിയുമായി രാമനാഥപുരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതെ അനിശ്ചിതകാല സമരത്തിലാണ്.

ചെന്നൈ: ശ്രീലങ്കൻ നാവികസേന (SriLankan Navy) അറസ്റ്റ് ചെയ്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ (Indian Fishermen Arrested) മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിച്ചുവെന്നാരോപിച്ച്  ശ്രീലങ്കൻ സേന പിടികൂടിയ 55 മത്സ്യത്തൊഴിലാളികൾ ജാഫ്നയിലെ ജയിലിൽ തുടരുകയാണ്. ഇന്നലെ ഇതേ കുറ്റം ചുമത്തി 14 പേരെക്കൂടി അറസ്റ്റ് ചെയ്തു. എന്നാൽ വിഷയത്തിൽ ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.

സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 14 പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചക്കിടെ ശ്രീലങ്കയിൽ പിടിയിലായ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളുട എണ്ണം 69 ആയി. അതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത് ജാഫ്ന ഈഴുവ ദ്വീപിന് സമീപത്തുനിന്നാണ് ഇന്നലെ 14 പേരെ പിടികൂടിയത്. പിടിയിലായവരെല്ലാം തമിഴ് തൊഴിലാളികളാണ്. ഇന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ ജയിലിലായിട്ടും കേന്ദ്രസർക്കാർ ഇടപെടുന്നില്ലെന്ന പരാതിയുമായി രാമനാഥപുരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതെ അനിശ്ചിതകാല സമരത്തിലാണ്. ഇന്നലെ രണ്ട് ബോട്ടുകൾ കൂടി പിടികൂടിയതോടെ ശ്രീലങ്കൻ നാവികസേന ഒരാഴ്ചക്കിടെ പിടികൂടുന്ന ബോട്ടുകൾ 10 ആയി.

രാമേശ്വരത്തെ മത്സ്യബന്ധന ഹാർബറുകളും മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നിശ്ചലമായി. ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും നാളെ മുതൽ നിരാഹാര സമരം തുടങ്ങും. ക്രിസ്മസിന് മുമ്പ് ശ്രീലങ്കൻ ജയിലിൽ കഴിയുന്നവരെ തിരിച്ചെത്തിച്ചില്ലെങ്കിൽ ട്രെയിൻ തടയലടക്കമുള്ള സമരമുറകളിലേക്ക് നീങ്ങുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്.
 

click me!